‘കോടതി വിധിയില്‍ തൃപ്തിയുണ്ട്, പക്ഷേ സന്തോഷമെന്ന് പറയാനാകില്ല, സന്തോഷിക്കാന്‍ എന്റെ മകള്‍ മടങ്ങിവരണം’; സൗമ്യ വിശ്വനാഥിന്റെ പിതാവ്

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥിന്റെ കൊലപാതക കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗമ്യയുടെ പിതാവ്. പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതില്‍ തൃപ്തിയുണ്ടെന്നേ പറയാനാകൂ എന്നും മകള്‍ മടങ്ങിവന്നാലേ സന്തോഷമായി എന്ന് തനിക്ക് പറയാനാകൂ എന്നും പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. (Soumya Vishwanathan murder case verdict father response)
നീതിയ്ക്കായുള്ള പോരാട്ടത്തില്‍ ഡല്‍ഹി പൊലീസ് വളരെയധികം സഹായിച്ചുവെന്ന് അദ്ദേഹം സ്മരിക്കുന്നു. പ്രതികളെ ഒരുനാള്‍ ശിക്ഷിക്കുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നു. നീതിയ്ക്കായുള്ള പോരാട്ടത്തില്‍ ഒരിക്കലും തളര്‍ച്ച തോന്നിയിട്ടില്ല. പ്രതി രവി കപൂര്‍ തന്നെ ഒരിക്കല്‍ ഞങ്ങളോട് കുറ്റസമ്മതം നടത്തിയിരുന്നു. അബദ്ധത്തില്‍ പറ്റിയതാണെന്നും മാപ്പുതരണമെന്നും രവി കപൂര്‍ തന്നോട് പറഞ്ഞിരുന്നുവെന്നും സൗമ്യയുടെ പിതാവ് പറഞ്ഞു.
2008ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥ് വെടിയേറ്റ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കവര്‍ച്ചക്ക് എത്തിയ സംഘം സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കേസില്‍ 5 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നുപേര്‍ നടത്തിയ മറ്റൊരു കൊലപാതകത്തില്‍ നിന്നാണ് പൊലീസിന് സൗമ്യയുടെ കേസിലെ തെളിവ് ലഭിച്ചത്.
രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പ്രതികളും കുറ്റക്കാരാണെന്നാണ് ഡല്‍ഹി സാകേത് കോടതിയുടെ കണ്ടെത്തല്‍. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്.
Story Highlights: Soumya Vishwanathan murder case verdict father response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here