Advertisement

കായികോത്സവത്തില്‍ പോള്‍വാള്‍ട്ട് മത്സരത്തില്‍ മുളകുത്തി ചാടിയ സംഭവം: യദുകൃഷ്ണന് കായിക ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി എം ബി രാജേഷ്

October 20, 2023
Google News 3 minutes Read
pole vault using bamboo M B Rajesh will provide sports equipment to Yadukrishnan

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പോള്‍വോള്‍ട്ടില്‍ മുള ഉപയോഗിച്ച് പങ്കെടുക്കേണ്ടി വന്ന യദുകൃഷ്ണന് കായികോപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ചാലിശ്ശേരി ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി യദു കൃഷ്ണന്‍ മുള ഉപയോഗിച്ച് പോള്‍വോള്‍ട്ടില്‍ പങ്കെടുത്ത വാര്‍ത്ത ട്വന്റിഫോറാണ് റിപ്പോര്‍ട്ട് ചെയ്തത്. (pole vault using bamboo M B Rajesh will provide sports equipment to Yadukrishnan)

ഇന്നലെ നടന്ന സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട് മത്സരത്തിലാണ് ചാടാന്‍ യദുകൃഷ്ണന്‍ മുള ഉപയോഗിച്ചത്. മുളവടി ഉപയോഗിച്ച് ബെഡിന് മുകളിലേക്ക് ചാടിയാണ് താന്‍ പരിശീലനം ഉള്‍പ്പെടെ നടത്തിയിരുന്നതെന്ന് യദു കൃഷ്ണന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. ആവശ്യത്തിന് കായിക ഉപകരണങ്ങളില്ലാതെ പരിമിതമായ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തിയ മിടുക്കന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കായികോപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

യദുകൃഷ്ണനെക്കുറിച്ചുള്ള ഈ വാര്‍ത്ത ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്.ഈ അടുത്ത കാലത്താണ് ചാലിശ്ശേരി സ്‌കൂള്‍ മൈതാനം നവീകരിച്ചത്.74 ലക്ഷം രൂപ ചെലവിലാണ് ഗാലറിയുടെയും ഓപ്പണ്‍ സ്റ്റേജിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ( ആ ഗ്രൗണ്ടില്‍ യദു കൃഷ്ണ പരിശീലനം നടത്തുന്നത് വീഡിയോയില്‍ കാണാം ) മുളന്തണ്ട് ഉപയോഗിച്ച് മത്സരിച്ചിട്ടും ആദ്യ ഏഴില്‍ ഒരാളായി ഫിനിഷ് ചെയ്ത യദുകൃഷ്ണയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അടുത്ത സ്‌കൂള്‍ കായിക മേളയാവുമ്പോഴേക്കും യദുകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ചാലിശ്ശേരി സ്‌കൂളിലെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കും.

ചാലിശ്ശേരിയുടെ കായിക കരുത്തിന് ഊര്‍ജ്ജം പകരുന്നതിനായാണ് എം എല്‍ എ ഫണ്ടില്‍ നിന്നുള്ള തുക കൂടി ഉപയോഗിച്ച് 20 ലക്ഷം രൂപ ചെലവില്‍ ഒരു ഓപ്പണ്‍ ജിംനേഷ്യം ചാലിശ്ശേരിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയുമാണ്. വരും നാളുകളില്‍ യദുകൃഷ്ണനും ചാലിശ്ശേരി ഉള്‍പ്പെടെ തൃത്താലയിലെ നാളത്തെ കായിക പ്രതിഭകള്‍ക്കും ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കും. യദുകൃഷ്ണന് ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.

Story Highlights: pole vault using bamboo M B Rajesh will provide sports equipment to Yadukrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here