Advertisement

ദക്ഷിണാഫ്രിക്കൻ റൺമലയ്ക്ക് മുന്നിൽ കാലിടറി വീണ് ഇം​ഗ്ലണ്ട്; ജയം 229 റൺസിന്

October 21, 2023
Google News 1 minute Read
World Cup 2023 ENG vs SA Live Updates

ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയ റൺമലയ്ക്ക് മുന്നിൽ പൊരുതാതെ കീഴടങ്ങി ഇം​ഗ്ലണ്ട്. 400 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 22 ഓവറിൽ 170 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 229 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ തകർപ്പൻ ജയം. 18റൺസിന് ഇം​​ഗ്ലണ്ടിന്റെ ആദ്യവിക്കറ്റ് നഷ്ടമായി. 23ന് രണ്ട്, 24ന് മൂന്ന്, 38ന് നാല്, 67ന് അഞ്ച്.. ആദ്യഘട്ടത്തിൽ തന്നെ പവലിയനിലേക്ക് ഇംഗ്ലീഷ് ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു. മിന്നും വിജയത്തോടെ ദക്ഷിണാഫ്രിക്ക സെമി സാധ്യതകൾ സജീവമാക്കി.

ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ 43 റൺസെടുത്ത മാർക്ക് വുഡാണ്. ഗസ് അതിക്‌സൺ 35 റൺസെടുത്തു. ഇരുവരും എട്ടാം വിക്കറ്റിൽ സ്ഥാപിച്ച കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ നില അല്പമെങ്കിലും മെച്ചപ്പെടുത്തിയത്. റീസി ടോപ്ലി എന്ന പത്താമൻ ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യാനെത്തിയില്ല. 84ന് ഏഴ് എന്ന നിലയിൽ നിന്നാണ് ഇംഗ്ലണ്ട് 170ൽ എത്തിയത്. ഗെറാൽഡ് കോയിറ്റ്‌സെ മൂന്ന് വിക്കറ്റും ലുങ്കി എൻഗിഡി മാർക്കോ ജാനേസൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 399 റൺസെടുത്തത്. സെഞ്ച്വറിയടിച്ച ഹെയിൻറിച്ച്‌ ക്ലാസനാണ്(109) ദക്ഷിണാഫ്രിക്കയുടെ കൂറ്റൻ സ്കോറിന് പന്നിൽ. റീസ ഹെൻഡ്രിക്സ് (85), മാർക്കൊ യാൻസൺ (75), വാൻ ഡെർ ഡൂസൻ (60) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. വാൻ ഡെർ ഡൂസനും റീസ ഹെൻഡ്രിക്സും ചേർന്ന് രണ്ടാം വിക്കറ്റിൽ 121 റൺസ് ചേർത്ത് കൂറ്റൻ സ്കോറിലേക്കുള്ള അടിസ്ഥാനം സജ്ജമാക്കി.

ആദിൽ റഷീദാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വരൾച്ച അവസാനിപ്പിച്ചത്. 61 പന്തിൽ 60 റൺസെടുത്ത വാൻ ഡെർ ഡൂസനെയാണ് ആദിൽ റഷീദ് മടക്കിയത്. ഹെൻഡ്രിക്‌സ് 75 പന്തിൽ 85 റൺസെടുത്തു. ഇരുവരും പുറത്തായ ശേഷം ക്രീസിലൊന്നിച്ച നായകൻ എയ്ഡൻ മാർക്രവും ഹെയിൻറിച്ച്‌ ക്ലാസനും ചേർന്ന് റൺറേറ്റുയർത്തി. ക്ലാസൻ മൂന്നക്കം കടന്നത് 61 പന്തിലാണ്. ക്ലാസൻ – യാൻസൺ സഖ്യം കൂട്ടിച്ചേർത്തത് 151 റൺസാണ്. അവസാന ഓവറിലാണ് ക്ലാസൻ പുറത്തായത്. യാൻസൺ ആറ് സിക്‌സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെ 75 റൺസെടുത്തു. 42 പന്തുകളിൽനിന്നാണ് യാൻസൺ7 5 റൺസ് അടിച്ചുകൂട്ടിയത്.

Story Highlights: World Cup 2023, ENG vs SA Live Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here