കളമശേരിയിലേത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ച് പൊലീസ്

കളമശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെ നടന്നത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഒരു ഐഇഡി ഡിവൈസ് ഉപയോഗിച്ചുള്ള സ്‌ഫോടനമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. കളമശേരി സ്‌ഫോടന പ്രത്യേക സംഘം അന്വേഷിക്കും. എഡിജിപി എം ആര്‍ അജിത്കുമാറാണ് സംഘത്തെ നയിക്കുക. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അക്ബര്‍, ആന്റി ടെററസിസ്റ്റ് സ്‌ക്വാഡ് മേധാവി , രണ്ട് ഡിഐജിമാരും സംഘത്തിലുണ്ട്. (Bomb blast happened in Kalamassery confirms Police)
അഗ്നിബാധയുണ്ടാക്കുന്ന ലഘു സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച എന്‍ഐഎ, എന്‍എസ്ജി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭീകരാക്രമണ സാധ്യത തള്ളിയിട്ടില്ല.
നിലവില്‍ എന്‍ഐഎ കൊച്ചി യൂണിറ്റും ഇന്റലിജന്‍സ് ബ്യൂറോ സംഘവും സംഭവസ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ഐഇഡിയ്ക്ക് സമാനമായ അതിനേക്കാല്‍ പ്രഹരശേഷി കുറഞ്ഞ വസ്തു ഉപയോഗിച്ചെന്ന് പൊട്ടിത്തെറി നടന്നെന്നാണ് പ്രാഥമിക നിഗമനം. നടന്നത് ബോംബാക്രമണമെന്ന പ്രാഥമിക സംശയമാണ് നിലനില്‍ക്കുന്നത്.
രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് കന്‍വെന്‍ഷന്‍ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കന്‍വെന്‍ഷന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.
പൊട്ടിത്തെറിയില്‍ 35 പേര്‍ക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 35 പേരെയും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് പേര്‍ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. പൊട്ടിത്തെറിയില്‍ മരിച്ച സ്ത്രീയെ തിരിച്ചറഞ്ഞിട്ടില്ല. കൂടുതല്‍ പേര്‍ക്ക് പരുക്കുണ്ടെങ്കില്‍ ആവശ്യമെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. കോട്ടയത്തെ ബേണ്‍സ് യൂണിറ്റും സജ്ജമാണ്.
Story Highlights: Bomb blast happened in Kalamassery confirms Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here