Advertisement

ഷോർട്ട് ബോൾ എങ്ങനെ കളിക്കണമെന്നറിയാം; ഏത് പന്തിലും ഒരു ബാറ്റർ ഔട്ടാവാം; ആരോപണങ്ങൾ തള്ളി ശ്രേയാസ് അയ്യർ

November 3, 2023
2 minutes Read
shreyas iyer short ball

തനിക്ക് ഷോർട്ട് ബോൾ കളിക്കാനറിയില്ലെന്ന ആരോപണങ്ങൾ തള്ളി ഇന്ത്യൻ ബാറ്റർ ശ്രേയാസ് അയ്യർ. ഷോർട്ട് ബോൾ എങ്ങനെ കളിക്കണമെന്ന് തനിക്കറിയാം. ഒരു ബാറ്റർ ഏത് പന്തിലും പുറത്താവാൻ സാധ്യതയുണ്ടെന്നും ശ്രേയാസ് പറഞ്ഞു. ശ്രീലങ്കക്കെതിരെ ഇന്ത്യ വിജയിച്ചതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ശ്രേയാസിൻ്റെ നിലപാട്. (shreyas iyer short ball)

“അതെനിക്കൊരു പ്രശ്നമാണെന്ന് പറയുമ്പോൾ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? എത്ര പുൾ ഷോട്ടുകളാണ് ഞാൻ കളിച്ചതെന്ന് നിങ്ങൾ കണ്ടോ? ഒരു പന്തിനെ കളിക്കാൻ ശ്രമിക്കുമ്പോൾ, അത് ഷോർട്ട് ബോളാണെങ്കിലും ഓവർ പിച്ച് ആണെങ്കിലും പുറത്താവാ സാധ്യതയുണ്ട്. ഞാൻ രണ്ടുമൂന്ന് തവണ ബൗൾഡായാൽ നിങ്ങൾ പറയും എനിക്ക് ഇൻസ്വിങ് പന്ത് കളിക്കാനറിയില്ലെന്ന്. എനിക്ക് ഷോർട്ട് ബോൾ കളിക്കാനറിയില്ലെന്ന തോന്നൽ പുറത്തുണ്ടാക്കിയത് നിങ്ങളാണ്.”- ശ്രേയാസ് പറഞ്ഞു.

ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനമാണ് ശ്രേയാസ് നടത്തിയത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച താരം 56 പന്തിൽ 82 റൺസ് നേടി പുറത്താവുകയായിരുന്നു.

Read Also: ‘ഡെങ്കി ബാധിച്ച് നാല് കിലോ കുറഞ്ഞു’; താൻ പൂർണ ഫിറ്റല്ലെന്ന് ശുഭ്മൻ ഗിൽ

ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇന്ത്യ കൂറ്റൻ ജയമാണ് സ്വന്തമാക്കിയത്. 358 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ വെറും 55 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. തങ്ങളുടെ ആദ്യ പന്തുകളിൽ ഷമിയും സിറാജും ആദ്യ ഓവറിൽ ഷമിയും വിക്കറ്റ് വേട്ട ആരംഭിച്ചപ്പോൾ ശ്രീലങ്കയ്ക്ക് മറുപടിയുണ്ടായില്ല. ടൂർണമെൻ്റിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടം തികച്ച ഷമിയ്ക്കൊപ്പം മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ബുംറ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടൂർണമെൻ്റിൽ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ആദ്യ നാല് കളികളിൽ പുറത്തിരുന്ന ഷമി ഹാർദിക് പാണ്ഡ്യക്ക് പരുക്കേറ്റതുകൊണ്ട് മാത്രമാണ് ന്യൂസീലൻഡിനെതിരായ മത്സരത്തിൽ തിരികെയെത്തിയത്. ആ കളി അഞ്ച് വിക്കറ്റ് നേടിയ ഷമി ഇംഗ്ലണ്ടിനെതിരായ അടുത്ത കളിയിൽ 4 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ലോകകപ്പുകളിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡും ഷമി സ്വന്തമാക്കി.

ജയത്തോടെ ഇന്ത്യ വീണ്ടും പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. ഏഴ് മത്സരങ്ങളിൽ ഏഴും ജയിച്ചാണ് ഇന്ത്യയുടെ തേരോട്ടം. ഏഴിൽ ആറ് മത്സരങ്ങൾ ജയിച്ച ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. ഇന്ത്യക്കെതിരായ അടുത്ത കളി വിജയിക്കാനായാൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം ഏറെക്കുറെ ഉറപ്പിക്കും.

Story Highlights: shreyas iyer short ball controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top