’തരൂരിന്റെ പ്രസ്താവന തള്ളാൻ കോൺഗ്രസ് തയ്യാറായില്ല; ലീഗ് തിരിച്ചറിയട്ടെ’; ഇ പി ജയരാജൻ

സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന മുസ്ലീം ലീഗിന്റെ നിലപാടിനോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വിശാല നിലപാടിന്റെ ഭാഗമായാണ് പലസ്തീൻ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. ലീഗ് പങ്കെടുക്കണം എന്നായിരുന്നു സിപിഐഎം ആഗ്രഹിച്ചിരുന്നതെന്ന് ജയരാജൻ പറഞ്ഞു.
ശശി തരൂരിന്റെ പ്രസ്താവന തള്ളാൻ പോലും കോൺഗ്രസ് തയ്യാറായില്ലെന്ന വിമർശിച്ച ജയരാജൻ കോൺഗ്രസിന്റെ നിലപാട് ലീഗ് തിരിച്ചറിയട്ടെ എന്നും പറഞ്ഞു. സിപിഐഎം ലീഗിനെ ക്ഷണിച്ചത് വിശാല മനസ്സോടെയാണെന്ന് ഇപി ജയരാജൻ നേരത്തെ പ്രതികരിച്ചിരുന്നു. കേരള വിരുദ്ധമായ നിലപാട് ആണ് കോൺഗ്രസ് സ്വീകരിക്കുന്നത്. മുസ്ലീം ലീഗിന്റെ പിന്തുണ ഇല്ലെങ്കിൽ കേരളത്തിൽ കോൺഗ്രസ് ഇല്ല എന്നും ഇപി പ്രതികരിച്ചിരുന്നു.
സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഡ്യ റാലിയിൽ മുസ്‌ലിം ലീഗിന് സാങ്കേതികമായി പങ്കെടുക്കാൻ കഴിയില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും പരിപാടി നന്നായി നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: LDF Convenor EP Jayarajan reacts to Muslim League stance on CPIM Palestine Rally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here