‘മമ്മൂട്ടിയുടെയും മോഹൻലാലിനെയും കൂടെ സെൽഫിയെടുത്താൽ പാവങ്ങളുടെ വയർ നിറയില്ല’: വി മുരളീധരൻ

ആർക്കും ആരെയും ബോംബ് വച്ച് കൊല്ലാൻ കഴിയുന്ന തരത്തിൽ കേരളത്തിലെ ക്രമസമാധാനപാലനം തകർന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭീകരവാദികളെ പിന്തുണയ്ക്കാൻ കേരളത്തിൽ ഇടതു – വലതു മുന്നണികൾ മത്സരിക്കുന്നു.യുഡിഎഫിന്റെയും എൽഡിഎഫിന്റെ നേതാക്കൾ ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. രണ്ടു കൂട്ടരും ഒറ്റ മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. ചേർത്തലയിൽ എൻഡിഎ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.(V Muraleedharan Against Pinarayi Vijayan)
കേരളീയം എന്ന പേരിൽ നടക്കുന്ന ധൂർത്ത് കൊണ്ട് കേരളീയർക്ക് പ്രയോജനമില്ലെന്നും പരിപാടിയുടെ യഥാർഥ ചെലവ് 50 കോടിയിൽ കുറയില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.’നാല് മാസമായി പെൻഷൻ കൊടുക്കാത്തവരാണ് ഇത് നടത്തുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടെ നിർത്തി സെൽഫി എടുത്താൽ പാവങ്ങളുടെ വയർ നിറയില്ല.
മരുന്ന് വാങ്ങാൻ ഗതിയില്ലാത്തവരെ കമൽഹാസന്റെ പ്രസംഗം കേൾപ്പിക്കാനുള്ള ധൈര്യം പിണറായി വിജയൻ സർക്കാരിന് മാത്രമാണുള്ളത്. കേരളീയത്തിന്റെ കാര്യത്തിൽ കെ എൻ ബാലഗോപാലിന് ഒരു ഞെരുക്കവുമില്ല. ഇത്രയും പച്ചക്കള്ളം ആവർത്തിച്ച് പറയുന്ന ഒരു ധനകാര്യമന്ത്രി ഉണ്ടായിട്ടില്ല.
പലസ്തീൻ സെമിനാർ വിഷയത്തിൽ ലീഗിന്റെ നിലപാട് അവരാണ് പറയേണ്ടത്. ഇവരെല്ലാം ഒറ്റമുന്നണിയാണ്. ഭീകരവാദികൾക്ക് പിന്തുണ നൽകുന്ന കാര്യത്തിലും ഇവർ ഒറ്റ മുന്നണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: V Muraleedharan Against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here