മരുന്ന് സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം; വീഴ്ച കണ്ടെത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്

കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രങ്ങളിലുണ്ടായ തീപിടിത്തത്തിന്റെ വീഴ്ച കണ്ടെത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്. ചെന്നൈയിലെ ടിഎംഎസ്‌സിഎൽ സംഭരണ കേന്ദ്രവും സ്വകാര്യ കമ്പനിയുടെ സംഭരണ കേന്ദ്രവും സന്ദർശിച്ച ശേഷം കേരളത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകും. 10 ദിവസത്തിനകം അന്തിമ റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ നിർദേശം.
അഞ്ചു ദിവസത്തെ ഇടവേളകളില്‍ മൂന്ന് മരുന്നു സംഭരണ കേന്ദ്രങ്ങളാണ് കത്തിയമര്‍ന്നത്. തിരുവനന്തപുരം തുമ്പയിലെ തീപിടിത്തത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിശദമായ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. വീഴ്ചകള്‍ കൃത്യമായി അറിയണമെങ്കില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഭരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്ന ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ സര്‍ക്കാരിന് നല്‍കിയിരുന്നു.
ഇത് അംഗീകരിച്ചാണ് സന്ദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കെ.എം.എസ്.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷിബുലാല്‍, ഡ്രഗ്സ് കണ്‍ട്രോളര്‍ സുജിത് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ്, പി.ഡബ്ല്യു.ഡി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്നാട്ടിലേക്ക് പോവുക.
Story Highlights: Fires in drug storage facilities; investigation team to Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here