Advertisement

ഗൗരീശപട്ടം ശങ്കരൻ നായരുടെ സംഭാവന മഹത്തരം: ഡോ. ജോർജ് ഓണക്കൂർ

November 7, 2023
2 minutes Read
Gowreesapattom Sankaran Nair's contribution is great: Dr. George Onakkoor

നർമ മധുരമായ കവിതകളിലൂടെ മലയാള നർമ സാഹിത്യ ലോകത്തിനു ഗൗരീശപട്ടം ശങ്കരൻ നായർ മികച്ച സംഭാവന നൽകിയെന്ന് നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ. അന്നം പരബ്രഹ്മം ട്രസ്റ്റ് ഇന്നലെ ഗൗരീശപട്ടം ശങ്കരൻ നായരുടെ വസതിയായ ഗോകുലത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വന്തം നാടായ ഗൗരീശപട്ടത്തെ തന്‍റെ പേരിന്‍റെ സമവാക്യമായി മാറ്റുവാൻ ഗൗരീശപട്ടം ശങ്കരൻ നായർ എന്ന കവിക്കു സാധിച്ചു എന്നും ജോർജ് ഓണക്കൂർ പറഞ്ഞു. ഒരു കാലഘട്ടത്തിൽ തിരുവനന്തപുരത്തെ കവികളിലെ ഹീറോ ആയിരുന്നു ഗൗരീശപട്ടം ശങ്കരൻ നായർ എന്ന് ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തിയ കവി പ്രഫ. വി. മധുസൂദനൻ നായർ പറഞ്ഞു. ഭാഷ നിരായാസമായി കൈകാര്യം ചെയ്യുവാനുള്ള അനായാസമായ പാടവം കവിക്കുണ്ടായിരുന്നു. തന്‍റെ ചെറുപ്പകാലത്ത് നാട്ടിലെ വായനശാലയിൽ നിന്നെടുത്ത ഗൗരീശപട്ടത്തിന്‍റെ ഒരു കോളജ് കുമാരന്‍റെ ഒരു ദിവസത്തെ ഡയറി വായിച്ച് രസിച്ച് ഒഴുകി നടന്ന കഥകളും വി. മധുസൂദനൻ നായർ പങ്കുവച്ചു. അന്ന് ഗൗരീശപട്ടം എന്ന സ്ഥലം അന്വേഷിച്ച് എത്തി കവിയുടെ വഴികൾ തേടി നടന്നതും അദ്ദേഹം ഓർമിച്ചു.

സിനിമയ്ക്കുവേണ്ടി ഗൗരീശപട്ടം രചിച്ച കടലിനു പതിനേഴ് വയസായി എന്ന ഗാനം അതേ സിനിമയിലെ വയലാറിന്‍റെ ഗാനങ്ങൾക്കൊപ്പം ഉയർന്നു നില്ക്കുന്നുവെന്ന് ചലച്ചിത്ര ഗാനനിരൂപകൻ ടി.പി. ശാസ്തമംഗലം പറഞ്ഞു. കവയിത്രി റോസ്മേരി കവിയെ ആദ്യം കണ്ട അനുഭവങ്ങൾ പങ്കിട്ടു. ചടങ്ങിൽ സമസ്തകേരള സാഹിത്യപരിഷത്ത് നിർവാഹക സമിതി അംഗവും എഴുത്തുകാരനുമായ കായംകുളം യൂനുസ് അധ്യക്ഷത വഹിച്ചു. കവികളായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഗിരീഷ് പുലിയൂർ, എം.എസ്. സുമേഷ് കൃഷ്ണൻ, ശ്രീകണ്ഠൻ കരിക്കകം തുടങ്ങിയവർ കവിയുടെ കവിതകൾ ചൊല്ലി. എസ്. ജയകുമാർ കവിയെ കുറിച്ച് രചിച്ച കവിത ചൊല്ലി.

പിന്നണി ഗായകൻ ജി. ശ്രീറാം ഒരു കോളജ് കുമാരന്‍റെ ഒരു ദിവസത്തെ ഡയറിയിലെ വരികൾ ആലപിച്ചു. ഗായിക ശ്രദ്ധ പാർവതി മനുഷ്യപുത്രൻ എന്ന സിനിമയ്ക്കു വേണ്ടി ഗൗരീശപട്ടം രചിച്ച ഗാനം പാടി.

പ്രഫ. സി.പി. അരവിന്ദാക്ഷൻ, ഗായകനും ശങ്കരൻ നായരുടെ ശിഷ്യനുമായ പട്ടം സനിത്, ഗൗരീശപട്ടം റസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ് മോഹൻ വർഗീസ്, മുൻ സെക്രട്ടറി സതീഷ് ഗോപി എന്നിവർ കവിയെ അനുസ്മരിച്ചു. അന്നം പരബ്രഹ്മം ട്രസ്റ്റിന്‍റെ സമരക്കാരൻ വലിയശാല മണികണ്ഠൻ, എം.കെ. ബുക്സ് മോഹൻകുമാർ എന്നിവർ പങ്കെടുത്തു.

Story Highlights: Gowreesapattom Sankaran Nair’s contribution is great: Dr. George Onakkoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top