Advertisement

മിച്ചൽ മാർഷിന് തകർപ്പൻ സെഞ്ചുറി; ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയക്ക് അനായാസ ജയം

November 11, 2023
Google News 2 minutes Read
australia won bangladesh cricket

ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയക്ക് അനായാസ ജയം. 8 വിക്കറ്റിന് ബംഗ്ലാദേശിനെ തകർത്ത ഓസ്ട്രേലിയ പട്ടികയിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു. ബംഗ്ലാദേശ് മുന്നോട്ടുവച്ച 307 റൺസ് വിജയലക്ഷ്യം 44.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടന്നു. 132 പന്തിൽ 177 റൺസ് നേടി പുറത്താവാതെ മിച്ചൽ മാർഷാണ് ഓസീസിൻ്റെ വിജയശില്പി. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഓസ്ട്രേലിയ രണ്ടാം സെമിയിൽ ഈ മാസം 16, വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. (australia won bangladesh cricket)

Read Also: സ്റ്റോക്സിനും റൂട്ടിനും ഫിഫ്റ്റി; പാകിസ്താനെതിരെ ഇംഗ്ലണ്ടിനു മികച്ച സ്കോർ

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഏഴ് താരങ്ങൾ രണ്ടക്കം കടന്നു. തൻസിദ് ഹസനും (36) ലിറ്റൺ ദാസും (36) ചേർന്ന ഓപ്പണിങ് സഖ്യം ഒന്നാം വിക്കറ്റിൽ തന്നെ 76 റൺസ് കൂട്ടിച്ചേർത്തു. തൻസിദിനെ ആബട്ടും ലിറ്റണെ സാമ്പയും പുറത്താക്കിയെങ്കിലും മൂന്നാം വിക്കറ്റിൽ നസ്മുൽ ഹുസൈൻ ഷാൻ്റോയും (45) തൗഹിദ് ഹൃദോയും (74) ചേർന്ന് ബംഗ്ലാദേശിനെ മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് 64 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. ഷാൻ്റോ നിർഭാഗ്യകരമായി റണ്ണൗട്ടായി. 28 പന്തിൽ 32 റൺസ് നേടി ആക്രമിച്ചുകളിച്ച മഹ്മൂദുള്ളയും റണ്ണൗട്ടായി. മുഷ്ഫിക്കർ റഹിം (21) സാമ്പയ്ക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചുമടങ്ങി. ഇടക്കിടെ വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിലുറച്ചുനിന്ന ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ തൗഹിദ് ഹൃദോയെ സ്റ്റോയിനിസാണ് മടക്കിയത്. 20 പന്തിൽ 29 റൺസ് നേടി ബംഗ്ലാ ഇന്നിംഗ്സ് 300 കടത്തിയ മെഹിദി ഹസൻ മിറാസിനെ ആബട്ട് മടക്കി അയച്ചു. നാസും അഹ്മദും (7) റണ്ണൗട്ടായി.

മറുപടി ബാറ്റിംഗിൽ ട്രാവിസ് ഹെഡ് (10) വേഗം മടങ്ങിയെങ്കിലും ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന 120 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഓസീസിനെ ട്രാക്കിലെത്തിക്കുകയായിരുന്നു. ഫിഫ്റ്റി നേടി (53) വാർണർ മടങ്ങിയെങ്കിലും ആക്രമിച്ചുകളിച്ച മിച്ചൽ മാർഷ് ബംഗ്ലാദേശിനെ കൂറ്റൻ പരാജയത്തിലേക്ക് നയിച്ചു. 64 പന്തിൽ 63 റൺസ് നേടിയ സ്റ്റീവ് സ്മിത്തും നോട്ടൗട്ടാണ്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ അപരാജിതമായ 175 റൺസാണ് കൂട്ടിച്ചേർത്തത്.

Story Highlights: australia won bangladesh cricket world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here