സ്പിൻ അനുകൂല പിച്ചിലേക്ക് ബിസിസിഐ കളി മാറ്റിയെന്ന് വിമർശിച്ചു; ആകെ വീണ 14ൽ 13 വിക്കറ്റും പേസിന്

ന്യൂസീലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിനൊരുങ്ങുമ്പോൾ ഉയർന്ന ഒരു വിമർശനമായിരുന്നു ബിസിസിഐ രായ്ക്കുരാമാനം പിച്ച് മാറ്റിയെന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഫ്രഷ് പിച്ചായ ഏഴിൽ കളിക്കേണ്ട കളി യൂസ്ഡ് പിച്ചായ ആറിലേക്ക് മാറ്റിയെന്നതായിരുന്നു വിമർശനം. ഇതിനു ചുവടുപിടിച്ച് അതിശക്ത വിമർശനങ്ങളാണ് ഉയർന്നത്. പക്ഷേ, സെമി ഫൈനൽ അവസാനിക്കുമ്പോൾ ഇരു ടീമുകളിലുമായി വീണ 14 വിക്കറ്റിൽ 13 എണ്ണവും നേടിയത് പേസർമാർ. (india newzealand pitch controversy)
ഫ്രഷ് പിച്ചിൽ കളിക്കുമ്പോൾ പ്രത്യേകിച്ച് ആർക്കും അങ്ങനെ ആനുകൂല്യം ലഭിക്കില്ല. ഇനിഷ്യൽ ഓവറുകളിൽ പേസർമാർ നേട്ടമുണ്ടാക്കുകയും പിച്ച് പഴകുമ്പോൾ സ്പിന്നർമാർക്ക് ടേൺ ലഭിക്കുകയും ചെയ്യും. എന്നാൽ, യൂസ്ഡ് പിച്ച് ആണെങ്കിൽ പിച്ച് സ്ലോ ആയിരിക്കും. അത്തരം പിച്ചിൽ സ്പിന്നർമാർക്ക് നല്ല പ്രകടനം നടത്താനാവും. ഇതിനു വേണ്ടിയാണ് ഇന്ത്യ പിച്ച് മാറ്റിയത് എന്നായിരുന്നു ആരോപണം.
ഇന്ത്യ ബാറ്റ് ചെയ്തപ്പോൾ ആകെ നാല് വിക്കറ്റാണ് നഷ്ടമായത്. ഇതിൽ മൂന്നെണ്ണം ടിം സൗത്തിയും ഒരെണ്ണം ട്രെൻ്റ് ബോൾട്ടും നേടി. ന്യൂസീലൻഡിനായി പന്തെറിഞ്ഞ സ്പിന്നർമാരിൽ മിച്ചൽ സാൻ്റ്നർ 10 ഓവറിൽ വെറും 51 റൺസ് വിട്ടുനൽകിയപ്പോൾ രചിൻ രവീന്ദ്ര 7 ഓവറിൽ 60 റൺസ് വഴങ്ങി. പാർട്ട് ടൈം സ്പിന്നറായ ഗ്ലെൻ ഫിലിപ്സ് 5 ഓവറിൽ വിട്ടുനൽകിയത് 33 റൺസ്.
മറുപടി ബാറ്റിംഗിൽ മുഹമ്മദ് ഷമി ഏഴ് വിക്കറ്റെടുത്ത് ന്യൂസീലൻഡിൻ്റെ നടുവൊടിച്ചപ്പോൾ ബുംറയും സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കളിയിൽ ആകെ സ്പിന്നറിനു ലഭിച്ച ഒരേയൊരു വിക്കറ്റ് നേടിയത് കുൽദീപ് യാദവ്. 10 ഓവറിൽ 56 റൺസാണ് കുൽദീപ് വഴങ്ങിയത്. ജഡേജ 10 ഓവർ എറിഞ്ഞ് 63 റൺസ് വിട്ടുനൽകി.
ഐസിസിയുടെ അനുമതിയില്ലാതെയാണ് ബിസിസിഐ പിച്ച് മാറ്റിയതെന്നും ഡെയിലി മെയിൽ ആരോപിച്ചിരുന്നു. എന്നാൽ, പിച്ച് മാറ്റത്തിന് ഐസിസി അനുമതി നൽകി എന്നതാണ് പുതിയ റിപ്പോർട്ട്.
Story Highlights: india newzealand pitch controversy update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here