Advertisement

കൊച്ചിയിൽ ബിപിസിഎല്ലിന്റെ ജൈവമാലിന്യ സംസ്കരണ പ്ലാന്റ്; മന്ത്രിസഭായോഗ തീരുമാനങ്ങൾ

November 22, 2023
Google News 1 minute Read
Bio waste treatment plant of BPCL in Kochi

കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

കൊച്ചി കോർപ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നും 10 ഏക്കർ ഭൂമി ഇതിനായി ബിപി സിഎല്ലിന് കൈമാറും. ഈ ഭൂമിയിലാണ് ബിപിസിഎൽ പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുക. പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കംപ്രസ്സഡ് ബയോഗ്യാസ് ബിപിസിഎൽ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഈ തുക ബിപിസിഎൽ വഹിക്കും. പ്ലാൻറ് നിർമ്മാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. 15 മാസത്തിനകം പദ്ധതി പൂർത്തിയാവും.

പ്ലാന്റില്‍ ഉൽപാദിപ്പിക്കുന്ന ജൈവവളം കർഷകർക്ക് ലഭ്യമാക്കും. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ. സംസ്കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവമാലിന്യം ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് സംസ്കരിക്കും. 7 ലക്ഷത്തിനടുത്ത് ജനസംഖ്യയും 1,61,000 ല്‍ അധികം വീടുകളും ഉള്ള കൊച്ചി കോർപ്പറേഷനിലെ ജൈവമാലിന്യ പ്രശ്നത്തിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻറ് പരിഹാരമാകും.

  • പ്രചോദന ധനസഹായം

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 387 സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് ഇവർ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ദിവസങ്ങൾക്ക് ദിനം ഒന്നിന് ആയിരം രൂപ വീതം പ്രചോദന ധനസഹായം അനുവദിക്കും.

  • ശമ്പള പരിഷ്കരണം

സംസ്ഥാന സഹകരണ യൂണിയനിലെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിക്കും.

  • സാധൂകരിച്ചു

സംസ്ഥാന സഹകരണ യൂണിയനിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, കമ്പ്യൂട്ടർ അസിസ്റ്റൻറ് ഗ്രേഡ് 2 എന്നീ തസ്തികകൾ സൃഷ്ടിച്ച നടപടികൾക്ക് സാധൂകരണവും നൽകി.

Story Highlights: Bio waste treatment plant of BPCL in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here