‘എല്ലാ കോൺഗ്രസ് പ്രവർത്തകരും വിശ്വസ്തർ, പക്ഷെ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ല’; രാഹുൽ മാങ്കൂട്ടത്തിൽ

പാർട്ടിക്കുള്ളിൽ തനിക്കെതിരെ പടയൊരുക്കം ഉണ്ടെന്ന് കരുതുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. അങ്ങനെ ഒരു പടയൊരുക്കം നടത്താൻ വേണ്ടിയുള്ള തലത്തിലേക്ക് താനൊന്നും വളർന്നിട്ടില്ല. മുഴുവൻ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും തന്റെ വിശ്വസ്തരാണ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അന്വേഷണത്തെ ഒരു തരത്തിലും പ്രതിരോധിക്കില്ല, പക്ഷെ അതിനു പിന്നിലെ രാഷ്ട്രീയത്തെ പ്രതിരോധിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പാർട്ടിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. ഒരുപാടു നേതാക്കളുടെ പിന്തുണയുണ്ടായി. എല്ലാ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുമായി തനിക്ക് ബന്ധമുണ്ട്.അതിന്റെ പേരിൽ ഏതെങ്കിലും പ്രവർത്തകരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ സംരക്ഷിക്കില്ല. കസ്റ്റഡിയിൽ ഉള്ളത് തന്റെ നാട്ടുകാരായ പ്രവർത്തകരാണ്. അവരുമായി തനിക്ക് വ്യക്തിപരമായി നല്ല ബന്ധമുണ്ട്. തന്നെ ഇതുവരെ അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടില്ലെന്നും ബന്ധപ്പെട്ടാൽ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസികൾ ബന്ധപ്പെട്ടാൽ ഒരു യൂത്ത് കോണ്ഗ്രസ് പ്രവർത്തകനും നെഞ്ച് വേദന വരില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
മുഖം നഷ്ടപ്പെട്ടു നിൽക്കുന്ന പിണറായി വിജയന്റെ മുഖം മിനുക്കാൻ ആണ് യൂത്ത് കോൺഗ്രസിനെ തോണ്ടി നോക്കുന്നത്. പിണറായി വിജയന്റെ അഭിനയമാണ് കഴിഞ്ഞ ദിവസമാണ് പൊളിഞ്ഞു വീണതെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പത്തനംതിട്ട കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പങ്കെന്ന സംശയത്തിലാണ് നീക്കം. സംശയ നിഴലിലുള്ള പലരും ഒളിവിലെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ വിശസ്തരെന്നും പൊലീസ് പറഞ്ഞു.
അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ് ടോപ് എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത കാർഡുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടർനടപടിയെന്നും പൊലീസ് വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച കേസിൽ നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. ഡിവൈഎഫ്ഐ നേതാക്കൾ നേരിട്ടു നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
Story Highlights: Rahul Mamkootathil Reacts Youth Congress elections Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here