Advertisement

നവകേരള സദസിൽ ഇതുവരെ ലഭിച്ചത് 5,40,725 പരാതികൾ; മുഖ്യമന്ത്രി

November 23, 2023
Google News 2 minutes Read
Chief Minister Pinarayi Vijayan about NavaKerala Sadas

നവകേരള സദസിൽ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്. അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. (Pinarayi Vijayan Against UDF NavaKerala Sadas)

അതായത്, 99.2 ശതമാനം പരാതികളിലും പരിഹാരമുണ്ടായിരിക്കുന്നു. ബാക്കിയുള്ള 4,197 പരാതികളിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അവയും സമയബന്ധിതമായി പരിഹരിക്കും.

നവകേരള സദസിന് മുന്‍പ് നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകളിലും ജനങ്ങളുടെ വിവിധ വിഷയങ്ങളിലുള്ള പരാതികളിലും വേഗത്തിലുള്ള പരിഹാരം ഉണ്ടായിട്ടുണ്ട്. അദാലത്തുകളില്‍ 76,551 പരാതികളാണ് ആകെ ലഭിച്ചത്.

അതില്‍ 69,413 പരാതികളിലും തീര്‍പ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതികള്‍ പരിശോധനയിലാണ്. ഹിയറിങ് അടക്കമുള്ള തുടര്‍നടപടികള്‍ വേണ്ട പരാതികളാണ് അവശേഷിക്കുന്നതിലേറെയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

16 മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ്സ് ചേര്‍ന്നത്. ഇതില്‍ നാല് മണ്ഡലങ്ങളിലെ എം എല്‍ എ മാര്‍ പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയ എതിര്‍പ്പുന്നയിച്ച് എം എല്‍ എ മാര്‍ ബഹിഷ്കരിച്ച ആ നാല് മണ്ഡലങ്ങളിലുള്‍പ്പെടെ സംഘാടകസമിതികള്‍ പ്രതീക്ഷിച്ചതിന്‍റെ പലമടങ്ങ് ജനങ്ങളാണെത്തിയത്.

ഒരു ബഹിഷ്കരണാഹ്വാനവും ഏശിയില്ല. എന്ന് മാത്രമല്ല, വലിയ തോതിൽ അപവാദം പ്രചരിപ്പിച്ചവര്‍ അപഹാസ്യരാവുകയും ചെയ്തു. ബഹിഷ്കരണാഹ്വാനവും അടിസ്ഥാന രഹിതമായ പ്രചാരണങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് മഹാപ്രവാഹമായി ജനങ്ങള്‍ എത്തുമ്പോള്‍ മനക്കോട്ട തകര്‍ന്നതിന്‍റെ മനോവിഭ്രാന്തിയാണ് ചിലര്‍ക്ക്.

നാടിന്‍റെയാകെ നന്മയ്ക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടിയെ തകര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവരുടെ മനോനില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

പ്രതിപക്ഷനേതാവിന്‍റെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങളുടെ സ്വഭാവം അത്തരമൊരു അവസ്ഥയാണ് വ്യക്തമാക്കുന്നത്. ഇത് ജനങ്ങളുടെ, നാടിന്‍റെ പരിപാടിയാണ്. ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ആരെങ്കിലും വിലക്കിയോ?

Read Also: ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി

എം എല്‍ എ മാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്‍റെ വികസനം സാധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പിന്നെന്തിനാണ് ഈ ബഹിഷ്കരണവും ആക്രോശവും എന്ന് ജനങ്ങളോട് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എന്ത് കണക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്ന് പറയുന്നത്? കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 16 കേന്ദ്രങ്ങളില്‍ നിന്നായി ലഭിച്ച നിവേദനകളുടെ എണ്ണം 42,862 ആണ്. കണ്ണൂര്‍ ജില്ലയില്‍ 28,630. കാസര്‍കോട്ട് 14,232. ഇങ്ങനെ ലഭിക്കുന്ന നിവേദനങ്ങള്‍ പരിശോധിച്ച് ഇടപെടല്‍ നടത്താനും പ്രശ്നപരിഹാരം ഉറപ്പാക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്.

കുട്ടികളെ റോഡിൽ നിർത്തുന്നത് ഒഴിവാക്കണം. കുട്ടികളെ പൊരിവെയിലിലാണ് നിർത്തിയതെന്ന പ്രചാരണം അവസാനിപ്പിക്കണം. ശബരിമല തീര്‍ത്ഥാടനം തടസ്സമില്ലാതെ പുരോഗമിക്കുന്നു.

ശബരിമല ദര്‍ശനത്തിനായി കടന്നുവരേണ്ട നാല് ജില്ലകളിലുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്. തൃശ്ശൂരില്‍ ചില ഭാഗങ്ങളില്‍ അല്പം വെള്ളക്കെട്ടുണ്ട്.

പത്തനംതിട്ടയില്‍ കൃഷിനാശം ഉണ്ടായി. 15 പ്രദേശങ്ങളില്‍ കഴിഞ്ഞ എട്ടു മണിക്കൂറിനുള്ളില്‍ 100 മില്ലിമീറ്ററില്‍ അധികം മഴ പെയ്തിട്ടുണ്ട്.
പ്രധാന അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെറിയ അണക്കെട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: Pinarayi Vijayan Against UDF NavaKerala Sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here