“ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ല”: പാക് കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി

പാക്കിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇത്രയും ഇടുങ്ങിയ ചിന്താഗതിക്കാരനാകരുതെന്ന് ഹർജിക്കാരനെ കോടതി വിമർശിച്ചു. നേരത്തെ ഇതേ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.
ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അപ്പീലുമായി മുന്നോട്ട് പോകരുതെന്നും ഇത്ര ഇടുങ്ങിയ ചിന്താഗതി പാടില്ലെന്നും ഹർജിക്കാരനോട് കോടതി പറഞ്ഞു. ഹർജിക്കാരനെതിരേ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.
സിനിമാ പ്രവർത്തകനും കലാകാരനും ആണെന്ന് അവകാശപ്പെടുന്ന ഫായിസ് അൻവർ ഖുറേഷിയാണ് ഹർജിക്കാരൻ. പാക് കലാകാരന്മാർ ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്നതും ജോലി ചെയ്യുന്നതും പൂർണമായി വിലക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിരോധനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Story Highlights: ‘Don’t Be So Narrow-Minded’: Supreme Court On Plea To Ban Pak Artists In India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here