യുപിയിൽ വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; 55 കാരൻ കൊല്ലപ്പെട്ടു

മകന്റെ ഭാര്യാപിതാവിൻ്റെ വെടിയേറ്റ് 55 കാരൻ കൊല്ലപ്പെട്ടു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.
തിങ്കളാഴ്ച രാത്രിയാണ് വെടിവയ്പ്പ് ഉണ്ടായത്. ഹോഷിയാർപൂർ സ്വദേശി അശോക് യാദവാണ് മരിച്ചത്. മകൻ്റെ ഭാര്യാപിതാവ് ശേഖർ യാദവാണ് അശോകിനെ വെടിവെച്ചതെന്നാണ് വിവരം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അശോകന്റെ മകൻ ശേഖറിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. പക്ഷേ, ദമ്പതികളുടെ ദാമ്പത്യം സന്തോഷകരമായിരുന്നില്ല.
ദാമ്പത്യ പ്രശ്നങ്ങൾ വഷളായതോടെ ഇരുവരും വിവാഹമോചനത്തിന് തയ്യാറായി. ഇതേച്ചൊല്ലി ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അശോകും ശേഖറും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ ശേഖർ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ അശോകിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരയുടെ ബന്ധുവിന്റെ പരാതിയിൽ ശേഖർ യാദവിനും കുടുംബാംഗങ്ങൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെടിവെപ്പിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് വിവാഹത്തിൽ പങ്കെടുത്തവരുമായി പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ സുനിതി പറഞ്ഞു.
Story Highlights: Man Shot Dead By Son In Law After Fight At A Wedding Near Noida
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here