Advertisement

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സാധ്യതയോ? സാമ്പത്തിക അടിയന്തരാവസ്ഥ എന്തെന്ന് വിശദമായി അറിയാം…

December 10, 2023
2 minutes Read
What is Financial emergency explainer

കേരളത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശിപാര്‍ശ ചെയ്യണമെന്ന ആവശ്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത് വിവാദമായിരിക്കുകയാണ്. സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാറാണ് സാമ്പത്തിക അടിയന്തരാവസ്ഥ എന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചത്. എന്താണ് സാമ്പത്തിക അടിയന്തരാവസ്ഥയെന്ന് വിശദമായി അറിയാം. (What is Financial emergency explainer)

ഭരണഘടനയുടെ 360-ാം വകുപ്പ് പ്രകാരമാണ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാകുക. ഇന്ത്യയുടെയോ ഇന്ത്യയുടെ ഏതെങ്കിലുമൊരു ഭാഗത്തിന്റെയോ സാമ്പത്തിക ഭദ്രത അപകടത്തിലാണെന്ന് രാഷ്ട്രപതിക്കു ബോധ്യപ്പെട്ടാല്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാകും. പ്രഖ്യാപിച്ച് രണ്ടു മാസത്തിനകം പാര്‍ലമെന്റിന്റെ ഇരുസഭകളും ഇത് അംഗീകരിക്കേണ്ടതുണ്ട്. സാഹചര്യം ആവശ്യപ്പെടുത്തുന്നിടത്തോളം കാലം സാമ്പത്തിക അടിയന്തരാവസ്ഥ തുടരാം. ഇക്കാലയളവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഹൈക്കോടതി ജഡ്ജിമാരുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കാനും സര്‍ക്കാരിന്റെ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാനും രാഷ്ട്രപതിക്കാവും. നിയമസഭ പാസ്സാക്കിയാലും ധനകാര്യബില്ലുകള്‍ രാഷ്ട്രപതിക്ക് അവലോകനം ചെയ്യാം. ഭരണഘടനയുടെ 44ാം ഭേദഗതി പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപനം പുനപ്പരിശോധിക്കാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ട്.

Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ

ഇന്ത്യയില്‍ ഇതുവരെയും സാമ്പത്തിക അടിയന്തരാവസ്ഥ ഉണ്ടായിട്ടില്ല. ആദ്യമായാണ് ഏതെങ്കിലുമൊരു സംസ്ഥാനത്തെ ഗവര്‍ണര്‍ സാമ്പത്തികാവസ്ഥയെപ്പറ്റി ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടുന്നത്. സാമ്പത്തിക സ്ഥിതി മോശമായതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നു കാട്ടി ചീഫ് സെക്രട്ടറി വിശദീകരണം നല്‍കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്. ഇപ്പോഴത്തെ രാഷ്ട്രീയ തര്‍ക്കങ്ങളെ അത് കൂടുതല്‍ ചൂടുപിടിപ്പിക്കും.

ലോക്‌സഭ പിരിച്ചുവിട്ടിരിക്കുന്ന കാലഘട്ടത്തില്‍ വിളംബരം പുറപ്പെടുവിക്കുകയോ, വിളംബരം പുറപ്പെടുവിച്ചതിനുശേഷം രണ്ടു മാസത്തിനുള്ളില്‍ ലോക്‌സഭ പിരിച്ചു വിടുപ്പെടുകയോ ചെയ്താല്‍ വിളംബരം അംഗീകരിക്കുന്ന പ്രമേയം രാജ്യസഭ പാസാക്കണം.ലോക്‌സഭയുടെ പുനസംഘടനയ്ക്കുശേഷം 30 ദിവസത്തിനുള്ളില്‍ പ്രമേയം പാസാക്കിയില്ലെങ്കില്‍ അത് അസാധുവാകും.

Story Highlights: What is Financial emergency explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top