നവ കേരള സദസിന്റെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു; പ്രതി സിപിഐഎം ജാഥയിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ

പാലയിൽ നവകേരള യാത്രയുടെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച കേസിൽ ഒരാൾ പിടിയിൽ. ഇന്നലെ രാവിലെയാണ് സംഭവം. പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കൽ ആണ് പൊലീസ് കസ്റ്റഡിയിലായത്. കരി ഓയില്‍ ഒഴിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.(Arrest Destroying Flex Board of Nava Kerala Sadas)
നവകേരള സദസിന് വേദിയൊരുങ്ങുന്ന മുന്‍സിപ്പല്‍ സ്റ്റേഡിയത്തിനു മുന്നിലെ റിവര്‍ വ്യൂ റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡിലാണ് കരി ഓയില്‍ പ്രയോഗം. നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സിപിഎം പൊലീസില്‍ പരാതിയും നല്‍കി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചത്.
ഇക്കഴിഞ്ഞ മാർച്ചിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിലെ സ്വീകരണ വേദി തകർക്കുമെന്ന് ബോംബ് ഭീഷണി മുഴക്കി കത്തെഴുതിയതിനും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Story Highlights: Arrest Destroying Flex Board of Nava Kerala Sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here