Advertisement

‘ഹൈബി OK യാണ് പക്ഷെ പ്രവർത്തനം ശരാശരി, സംസ്ഥാന ഭരണവും കേന്ദ്രഭരണവും മോശം’; ഇക്കുറിയും എറണാകുളം യുഡിഎഫിനെന്ന് 24 സര്‍വേ ഫലം

December 12, 2023
Google News 2 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 മണ്ഡലങ്ങളുടെ മനസറിയാനുള്ള 24 ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വേയില്‍ യുഡിഎഫിന് അനുകൂലമാണ് എറണാകുളത്തെ ഫലം. യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലമാണ് എറണാകുളം. എന്നാൽ നിലവിലെ എം പിയുടെ പ്രവർത്തനം ശരാശരിയെന്നാണ് ഭൂരിഭാഗം പേരും രേഖപ്പെടുത്തിയത്.(24 Mood Tracker Election Survey Eranakulam)

എറണാകുളം മണ്ഡലത്തിൽ 2009ന് ശേഷം ഓരോ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് കരുത്ത് കൂട്ടുന്ന നിലയായിരുന്നു. കഴിഞ്ഞ തവണ ഹൈബി ഈഡൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1991ന് ശേഷം ആദ്യമായി സിപിഐഎം ക്രൈസ്തവ സഭക്ക് പുറത്ത് നിന്നും സ്ഥാനാർത്ഥിയെ രംഗത്തിറക്കിയ തെരഞ്ഞെടുപ്പിൽ 169053 വോട്ടിന്‍റെ വ്യത്യാസത്തിലാണ് ഹൈബി ഈഡനോട് പി രാജീവ് കനത്ത തോൽവി ഏറ്റുവാങ്ങിയത്. ഹൈബി ഈഡൻ 4,91,263 വോട്ട് നേടി. പി.രാജീവ് 3,22,110 വോട്ടാണ് നേടിയത്. ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന് 137749 വോട്ടാണ് നേടാനായത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കേന്ദ്രത്തിനും, സംസ്ഥാന സർക്കാരിനും അനുകൂല നിലപാടല്ല സർവേയിൽ ഉടനീളം രേഖപ്പെടുത്തിയത്. ക്ഷേമ പെൻഷൻ മുടങ്ങുന്നതിൽ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും തുല്യ പങ്കെന്നാണ് സർവേ ഫലം. എറണാകുളത്തിന് കേന്ദ്രത്തിലെ ഇഷ്ടനേതാവ് രാഹുൽ ഗാന്ധിയാണ്. ഭൂരിഭാഗം പേരും രാഹുൽ ഗാന്ധിയെ പിന്തുണച്ചു.

എറണാകുളം യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലം

എറണാകുളം യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലമെന്ന് ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി.പി ജെയിംസ് അഭിപ്രായപ്പെടുന്നു. സർവേയിലെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ തന്നെ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും എതിരെയുള്ള ജനങ്ങളുടെ നിലപാടാണ് കൂടുതലായി കാണുന്നത്. അതുകൊണ്ടുതന്നെ ഇതൊരു യുഡിഎഫ് മണ്ഡലമെന്നാണ് സർവേയിൽ വ്യക്തമാകുന്നത്. എപ്പോഴും യുഡിഎഫിനും കോൺഗ്രസിനും എതിരെയുള്ള നെഗറ്റീവ് വികാരം വരുമ്പോൾ മാത്രമാണ് കൂടുതൽ ഇടത് പക്ഷത്തു നിന്ന് സ്ഥാനാർത്ഥികൾ ജയിച്ചിട്ടുള്ളത്. ഇതൊരു യുഡിഎഫിനെ അനുകൂലിക്കുന്ന മണ്ഡലമാണ്. നെഗറ്റീവ് ഘടകങ്ങൾ ഇല്ലെങ്കിൽ യുഡിഎഫിന് ജയം ഉറപ്പുള്ള മണ്ഡലമാണ് എറണാകുളമെന്ന് പി.പി ജെയിംസ് അഭിപ്രായപ്പെടുന്നു.

പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തെ കാര്യമായി പരിഗണിക്കുന്നില്ല

എറണാകുളം യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലമാകുമ്പോഴും പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തെ ജനങ്ങൾ കാര്യമായി പരിഗണിക്കുന്നില്ലെന്ന് 24 എക്‌സിക്യൂട്ടീവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ മോശം എന്ന് വിലയിരുത്തുമ്പോഴും ജനങ്ങൾ പ്രതിപക്ഷത്തെയും കാര്യമായി പരിഗണിക്കുന്നില്ല എന്നതാണ് സർവേയിൽലോടെ വ്യക്തമാകുന്നത്. കൂടാതെ കെ റെയിൽ പദ്ധതിയിലും എറണാകുളത്തെ ജനങ്ങൾ മുഖം തിരിഞ്ഞു നിൽക്കുന്ന അവസ്ഥയാണ്. ഭൂരിപക്ഷം ആളുകളും കെ റെയിൽ അനുകൂലിക്കുന്നില്ല എന്നാണ് പറയുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെടുന്നു. കഴിഞ്ഞ തവണത്തെ തെരഞ്ഞടുപ്പിൽ പി രാജീവിനെക്കാൾ ഹൈബി ഈഡൻ 17 ശതമാനം വോട്ടു വിഹിതത്തിന്റെ വ്യത്യാസമാണ്. അതുകൊണ്ടുതന്നെ ഇത്തവണയും മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും കെ ആർ ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു.

വിലക്കയറ്റം മണ്ഡലത്തിലെ വലിയ വിഷയം

വിലക്കയറ്റം മണ്ഡലത്തിലെ വലിയ വിഷയമെങ്കിലും മണ്ഡലത്തിൽ യുഡിഎഫ് ഭരണം നിലനിർത്തുമെന്ന് 24 എക്‌സിക്യൂട്ടീവ് എഡിറ്റർ എസ് വിജയകുമാർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ ഹൈബി ഈഡൻ 50.79 ശതമാനം വോട്ട് നേടിയാണ് വിജയിക്കുന്നത്. കിട്ടാവുന്ന ഏറ്റവും നല്ല എതിർ സ്ഥാനാർത്ഥിയായിരുന്നു പി രാജീവ് പക്ഷെ അപ്പോഴും ജനങ്ങൾ ഹൈബി ഈഡനെയാണ് പിന്തുണച്ചത്. രാജീവ് തോറ്റത് ഏകദേശം ഒന്നരലക്ഷം വോട്ടുകൾക്കാണ്. പി രാജീവിന്റെ തട്ടകം കൂടിയായായിരുന്നിട്ടും ഹൈബിക്ക് അനുകൂലമായി എറണാകുളം വിധിയെഴുതി. സെബാസ്റ്റ്യൻ പോളിന്റെ വിജയം മുന്നിൽ ഉണ്ടെങ്കിലും മണ്ഡലം യുഡിഎഫിന് അനുക്കൂലമാണ് സർവേ ഫലമെന്നും എസ് വിജയകുമാർ അഭിപ്രായപ്പെടുന്നു.

ഹൈബി OK യെക്കാൾ മുന്നിൽ

എറണാകുളം മണ്ഡലത്തിൽ ഹൈബി OK യെക്കാൾ മുന്നിൽ എന്നാണ് റിസൾട്ട് കാണിക്കുന്നതെന്ന് ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി.പി ജെയിംസ് അഭിപ്രായപ്പെടുന്നു.അദ്ദേഹത്തിന് 58 മുതൽ 60 ശതമാനം വോട്ടുകൾ അനുകൂലമായിട്ടുണ്ട്. മോശം എന്ന് പറയുന്നത് 22 ശതമാനമാണ്. അദ്ദേഹം ഓക്കേ എന്ന് പറയുന്നതിനേക്കാൾ അദ്ദേഹം ശരാശരിക്കും മുകളിലാണ് എന്നാണ് പറയേണ്ടിയിരുന്നതെന്ന് പി.പി ജെയിംസ് വ്യക്തമാക്കി.

ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി ആരായിരിക്കും

2019 ലെ അനുഭവം മുന്നിലുള്ളതിനാൽ ലത്തീൻ സമുദായത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയെ തേടുകയാണ് സിപിഐഎം. കൊച്ചി എംഎൽഎ കെജെ മാക്സിക്ക് മണ്ഡലത്തിലെനാലിൽ രണ്ട് ലത്തീൻ രൂപതകളുടെ പിന്തുണ സിപിഐഎം ഉറപ്പിക്കുന്നു. ഇല്ലെങ്കിൽ പ്രൊഫ കെവി തോമസിനാവും പാർട്ടി പരിഗണന. എന്നാൽ കെവി തോമസ് മത്സരിക്കാനില്ലെന്ന നിലപാടിലാണ്. എൽഡിഎഫിൽ ലത്തീൻ സഭ സ്ഥാനാർത്ഥി വന്നില്ലെങ്കിൽ പിന്നെ സാധ്യത മേയർ എം അനിൽകുമാറിനാണ്. ബിജെപി സ്ഥാനാർത്ഥിയായി സാധ്യത കൂടുതൽ അനിൽ ആന്‍റണിക്കാണ്.

ക്ഷേമ പെൻഷൻ മുടങ്ങുന്നതിൽ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും തുല്യ പങ്ക്

ക്ഷേമ പെൻഷൻ മുടങ്ങുന്നതിൽ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും തുല്യ പങ്കെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേ ഫലം. 34 ശതമാനം പേരും ഈ നിലപാടെടുത്തു. 26 ശതമാനം പേർ സംസ്ഥാനമാണ് ക്ഷേമ പെൻഷനുകൾ മുടക്കുന്നതെന്ന് നിലപാടെടുത്തപ്പോൾ 18 ശതമാനം പേർ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി. 22 ശതമാനം പേർ അറിയില്ലെന്ന മറുപടി നൽകി.

ഹൈബി ഈഡൻ്റെ പ്രവർത്തനം ശരാശരിയാണെന്ന് എറണാകുളത്തുകാർ

എംപി ഹൈബി ഈഡൻ്റെ പ്രവർത്തനം ശരാശരിയാണെന്ന് എറണാകുളത്തുകാർ പറയുന്നു. 39 ശതമാനം പേരാണ് ശരാശരിയെന്ന അഭിപ്രായം പറഞ്ഞത്. 19 ശതമാനം പേർ പ്രവർത്തനം മോശമാണെന്ന് പറയുന്നു. 13 ശതമാനം പേർ മികച്ചതെന്ന് പറയുമ്പോൾ 6 ശതമാനം പേർക്ക് വളരെ മികച്ചതെന്ന അഭിപ്രായമാണുള്ളത്. 4 ശതമാനം പേർ വളരെ മോശം പ്രവർത്തനമാണെന്ന് അഭിപ്രായപ്പെടുന്നു. 18 പേർക്ക് അഭിപ്രായമില്ല.

യുഡിഎഫ് തന്നെ വിജയിക്കുമെന്നാണ് ഭൂരിപക്ഷാഭിപ്രായം

വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്നാണ് ഭൂരിപക്ഷാഭിപ്രായം. 44 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 30 ശതമാനം പേർ എൽഡിഎഫ് എന്ന അഭിപ്രായക്കാരാണ്. ബിജെപി ജയിക്കുമെന്ന് 9 ശതമാനം പേരും മറ്റുള്ളവർ ജയിക്കുമെന്ന് 5 ശതമാനം പേരും അഭിപ്രായപ്പെട്ടപ്പോൾ 12 ശതമാനം പേർക്ക് അഭിപ്രായമില്ല.

സംസ്ഥാന ഭരണവും കേന്ദ്രഭരണവും മോശം

സംസ്ഥാന ഭരണവും കേന്ദ്രഭരണവും മോശമെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേ ഫലം. 33 ശതമാനം പേർ സംസ്ഥാന സർക്കാർ ഭരണം മോശമെന്ന് അഭിപ്രായപ്പെട്ടു. വളരെ മോശമെന്ന് 22 ശതമാനം പേർ നിലപാടെടുത്തു. 14 ശതമാനം പേർക്ക് മികച്ചത് എന്ന അഭിപ്രായമാണുള്ളത്. 13 ശതമാനം പേർ ശരാശരിയെന്നും 6 ശതമാനം പേർ വളരെ മികച്ചതെന്നും നിലപാടെടുത്തു. 12 പേർക്ക് അഭിപ്രായമില്ല. കേന്ദ്രഭരണം മോശമെന്ന് 35 ശതമാനം പേർ അഭിപ്രായപ്പെട്ടു. 26 ശതമാനം പേർ വളരെ മോശമെന്ന അഭിപ്രായക്കാരാണ്. ശരാശരിയെന്ന് 14 ശതമാനം പേരും മികച്ചതെന്ന് 12 ശതമാനം പേരും വളരെ മികച്ചതെന്ന് 2 ശതമാനം പേരും നിലപാടെടുത്തു. 11 ശതമാനം പേർക്ക് അഭിപ്രായമില്ല.

ഇഷ്ടനേതാവ് രാഹുൽ ഗാന്ധി

എറണാകുളത്തിന് കേന്ദ്രത്തിലെ ഇഷ്ടനേതാവ് രാഹുൽ ഗാന്ധിയാണ്. 50 ശതമാനം പേരാണ് രാഹുലിനെ പിന്തുണച്ചത്. നരേന്ദ്രമോദിയെ 16 ശതമാനം പേരും കേജ്‌രിവാളിനെ 5 ശതമാനം പേരും ഖാർഗെയെ ഒരു ശതമാനം പേരും പിന്തുണച്ചു. 28 ശതമാനം പേർക്കും അഭിപ്രായമില്ല.

ബിജെപിക്ക് ബദലാകാൻ ഇന്ത്യ സഖ്യത്തിന് കഴിയില്ല

ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകാൻ ഇന്ത്യ സഖ്യത്തിന് കഴിയില്ലെന്നാണ് എറണാകുളത്തിന്റെ രാഷ്ട്രീയ പ്രതികരണം. 36 ശതമാനം പേർ കഴിയില്ലെന്ന് വിലയിരുത്തി. 27 ശതമാനം പേരാണ് കഴിയുമെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാൽ 37 ശതമാനം പേർ അഭിപ്രായം പറയാൻ തയ്യാറായില്ല. ഏറ്റവും കൂടുതൽ പേർ അഭിപ്രായം ഇല്ലെന്ന് രേഖപ്പടുത്തുമ്പോൾ ഇന്ത്യ സഖ്യത്തിന് കഴിയുമെന്ന് രേഖപ്പെടുത്തിയത് വളരെ കുറവാണ്. കോൺഗ്രസിന് വേരോട്ടമുള്ള മണ്ഡലത്തിലെ ഈ അഭിപ്രായം പ്രാധാന്യമുള്ളതാണ്.

Story Highlights: 24 Mood Tracker Election Survey Eranakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here