കാണാതായ വയോധികയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിൽ

കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തി. ഡിസംബർ 10ന് ഡൽഹിയിലെ നന്ദ് നഗരിയിൽ നിന്ന് കാണാതായ 60 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. താഴത്തെ നിലയിലെ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ആശാ ദേവി (60) ആണ് മരിച്ചത്. ഡിസംബർ 10 മുതൽ അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകൻ മഹാവീർ സിംഗ് (33) നന്ദ് നഗ്രി പൊലീസ് സ്റ്റേഷനിൽ 13-ന് പരാതി നൽകി. നന്ദനഗരിയിൽ വാടകക്കാരിൽ നിന്ന് വാടക വാങ്ങാൻ പോയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് മകൻ്റെ പരാതിയിൽ പറയുന്നു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ, ഡൽഹിയിലെ ഹർഷ് വിഹാറിലെ ആശാ ദേവിയുടെ കുടുംബാംഗങ്ങൾ താമസിക്കുന്ന വസതിയുടെ താഴത്തെ നിലയിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങി. താഴത്തെ നിലയിലെ കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് ബെഡ് ബോക്സിനുള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ ആശാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ അറിയിച്ചു.
ഫോറൻസിക് സയൻസ് ലബോറട്ടറി ടീമും ക്രൈം ടീമും സംഭവസ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നു, പോസ്റ്റ്‌മോർട്ടത്തിനായി ജിടിബി മോർച്ചറിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Story Highlights: 60-Year-Old Missing Woman’s Body Found Inside Bed Box In Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here