ഖത്തറിന്റെ മണ്ണിൽ മെസിയുടെ ഇതിഹാസ പൂർണതയ്ക്ക് ഒരാണ്ട്..
ഇതിഹാസപൂർണതയ്ക്ക് ലോകകപ്പിന്റെ മേമ്പൊടി വേണമെന്ന് വാശി പിടിക്കുന്നവർക്ക് മറുപടിയായി ഖത്തറിൽ മെസിയുടെ കിരീടധാരണത്തിന് ഇന്ന് ഒരാണ്ട്. ലുസൈൽ സ്റ്റേഡിയത്തിലെ ആർത്തിരമ്പിയ നീലക്കടലാരവത്തിന് മുന്നിൽ കരുത്തരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലോക ഫുട്‌ബോളിന്റെ സിംഹാസനത്തിലേക്ക് അർജന്റീനയുടെ സ്ഥാനാരോഹണം. വിമർശകരുടെ വായടപ്പിച്ച് നൂറ്റാണ്ടിന്റെ ലോകകപ്പ് സമ്മാനിച്ച് ഖത്തറും ആഘോഷമാക്കുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ മത്സരത്തിനാണ് ആരാധകർ സാക്ഷിയായത്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകമെങ്ങുമുള്ള അർജന്റൈൻ ആരാധകർ കാത്തുകാത്തിരുന്ന നിമിഷമായിരുന്നുവത്. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ കലാശപ്പോരാട്ടം. ലയണൽ മെസിയുടെ ചിറകിലേറി കിരീടമുറപ്പിച്ച അർജന്റീനയ്ക്ക് മുന്നിൽ കൊള്ളിയാൻ കണക്കെ ഫ്രാൻസിന്റെ രക്ഷകനായി അവതരിച്ച എംബാപ്പെ..
ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ രണ്ട് കിക്കുകൾ ലക്ഷ്യം കാണാതെ പോകുന്നതോടെ മത്സരം മെസിക്കും സംഘത്തിനും സ്വന്തം.. കാൽപന്തിനെ നെഞ്ചോടുചേർക്കുന്ന ഒരോ ആരാധകനും മറക്കാത്ത ഓർമയായി മനസിൽ കൊണ്ടുനടക്കുന്ന നിമിഷങ്ങളായിരുന്നു അതെല്ലാം.. ലോകഫുട്‌ബോളിന്റെ രാജാക്കൻമാരെ തങ്കക്കസവുള്ള മേലങ്കി ചാർത്തി ആദരിക്കുകയായിരുന്ന ഖത്തർ. ഏറെ വൈകി അറബിക്കുപ്പായമണിഞ്ഞ ഫുട്‌ബോളിന് അതൊരു പുതിയൊരു അനുഭവമായിരുന്നു.
ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന് തോൽവിയുമായി തുടങ്ങിയ അർജന്റീന.. നിരാശയിലേക്കുവീണ ഒരു രാജ്യത്തിന്റെ പ്രതീക്ഷകൾ വഹിച്ചുകൊണ്ടുള്ള മെസിയുടെ പ്രയാണം കിരീടമുർത്തുന്നതിലാണ് ചെന്നുനിന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും നീലാകാശത്തോളം പരന്നുകിടക്കുന്ന അർജന്റൈൻ ആരാധകരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും വീണ്ടും പുതുജീവൻ നൽകിയ പ്രകടനമായരുന്നുവത്. ഈ പ്രയാണത്തിനിടയിൽ യൂറോപ്പിലെ പേരുകേട്ട വമ്പൻമാരെയെല്ലാം തകർത്തെറിഞ്ഞിരുന്നു.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here