ക്രിസ്മസ്, പുതുവത്സര ചന്തകൾ ആരംഭിക്കും; കൺസ്യൂമർ ഫെഡിന് 1.34 കോടിയുടെ സർക്കാർ സഹായം

കൺസ്യൂമർ ഫെഡ് എല്ലാ ജില്ലയിലും ക്രിസ്‌മസ്, പുതുവത്സര ചന്തകൾ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി സർക്കാർ 1.34 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച് വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന് 75 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഉത്സവകാല വിൽപനയ്‌ക്കുശേഷം സബ്‌സിഡി തുക അനുവദിക്കുന്നതാണ് രീതി. ഇത്തവണ മുൻകൂറായിതന്നെ കൺസ്യുമർഫെഡിന് തുക അനുവദിച്ചു.
സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ക്രിസ്മസ് ചന്തകൾ ഇത്തവണയും മുടക്കമില്ലാതെ നടത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നേരത്തെ അറിയിച്ചിരുന്നു.
21ന് സപ്ലൈകോ ക്രിസ്മസ് ചന്ത ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്ഘാടനം. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും.
തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലാചന്തകളുമുണ്ടാകും. 1600 ഓളം ഔട്ട്ലറ്റുകളിലും വില്‍പ്പനയുണ്ടാകും. സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടി ശനിയാഴ്ച പൂര്‍ത്തിയായി. ജില്ലാചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകളുമുണ്ടാകും.
Story Highlights: Christmas and new year markets open in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here