ബലാത്സംഗ കേസിൽ അഡ്വ. പി.ജി മനുവിന് മുൻകൂർ ജാമ്യമില്ല; 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി

ബലാത്സംഗത്തിന് ഇരയായ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ സര്‍ക്കാര്‍ അഭിഭാഷകൻ അഡ്വ. പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി, 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചിന്റേതാണ് വിധി.
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാൽ ജാമ്യാപേക്ഷ കാലതാമസമില്ലാതെ പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയും മറ്റും പരിശോധിച്ച സാഹചര്യത്തിൽ മനുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം പരിഗണിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
ബലാത്സംഗത്തിന് ഇരയായ യുവതിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് മുൻ സർക്കാർ പ്ലീഡറായ മനുവിനെതിരായ കേസ്. ബലാത്സംഗക്കുറ്റത്തോടൊപ്പം ഐടി ആക്ടും ചുമത്തിയിരുന്നു. നേരത്തെ അഡ്വ. മനുവിനെതിരായ കേസ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
Story Highlights: Advocate PG Manu no anticipatory bail in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here