Advertisement

നിങ്ങളുടെ ഹോം ശെരിക്കും സ്മാർട്ട് ആണോ? സ്മാർട്ട് ഹോം ഡിവൈസുകൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികൾ!

December 24, 2023
3 minutes Read
Security challenges posed by smart home devices

UI architect ദീപു ബാലൻ

ഐ.ഒ.ടി (IoT) അഥവാ ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് എന്ന സാങ്കേതിക വിദ്യയുടെ സഹായത്താൽ നമ്മുടെ ദൈനംദിന ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾ പലതും നമുക്ക് വളരെ അനായാസമായി അതിലേറെ വേഗതയിൽ ഇപ്പോൾ ചെയ്യാൻ സാധിക്കും. ഉദാഹരണത്തിന് നിങ്ങളുടെ വീട്ടിലെ ലൈറ്റുകൾ, എ.സി, തെർമോസ്റ്റാറ്റ്, അയൺ ബോക്സ്, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള മറ്റേത് ഇലക്ട്രോണിക് ഉപകരണവും വളരെ ലളിതമായ വോയിസ് കമാൻഡുകളിലൂടെ, നിങ്ങളുടെ ഇച്ഛാനുസരണം തന്നെ കൺട്രോൾ ചെയ്യാം ( Security challenges posed by smart home devices ).

നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ കൃത്യമായ ഇടവേളകളിൽ ഓട്ടോമാറ്റിക്കായി വീട്ടിലെ ലൈറ്റുകൾ ഓൺ അല്ലെങ്കിൽ ഓഫ് ആക്കുക, വീട്ടിലെത്തുന്നതിന് തൊട്ടു മുന്നേ തന്നെ എസി ഓൺ ആക്കുക, ഓഫാക്കാൻ മറന്നുപോയ എ.സി അയൺ ബോക്സ് പോലുള്ള ഉപകരണങ്ങൾ ഓഫീസിൽ നിന്ന് തന്നെ ഓഫ് ആക്കുക, എങ്ങനെയോ മനസ്സിലേക്ക് ഓടിയെത്തിയ ഒരു പാട്ട് ഉടൻതന്നെ ഒരു വോയിസ് കമാൻഡിലൂടെ മ്യൂസിക് പ്ലെയറിൽ പ്ലേ ചെയ്യുക, സൂപ്പർ മാർക്കറ്റിൽ നിന്ന് തന്നെവീട്ടിലെ ഫ്രിഡ്ജിൽ ഇരിക്കുന്ന പാലിന്റെ അളവ് ചെക്ക് ചെയ്യുക എന്നു തുടങ്ങി നിങ്ങളുടെ വീട്ടിലെ സെക്യൂരിറ്റി ക്യാമറകളെ മറ്റൊരു സ്ഥലത്തിരുന്നുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ ചലിപ്പിച്ച് വീടും പരിസരവും സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തുക എന്നതുപോലുള്ള നിരവധി കാര്യങ്ങളും ചെയ്യാൻ നമ്മെ സഹായിക്കുന്ന ഈ സാങ്കേതികവിദ്യയുടെ പേരാണ് ഹോം ഓട്ടോമേഷൻ (Home Automation) അഥവാ സ്മാർട്ട് ഹോം ടെക്നോളജി (Smart Home Technology).

ഹോം എന്റർടൈൻമെന്റ്, ഹോം ഓട്ടോമേഷൻ എന്ന് തുടങ്ങി ഹോം സെക്യൂരിറ്റി വരെയുള്ള കാര്യങ്ങൾ മാനേജ് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള അതിനൂതന സ്മാർട്ട് ഹോം സംവിധാനങ്ങൾ ഇപ്പോൾ സർവസാധാരണമാണ്. സ്മാർട്ട് ഗേറ്റുകൾ സ്മാർട്ട് ഡോർ ലോക്കുകൾ, റിമോട്ട് മോണിറ്ററിങ് സ്മാർട്ട് ക്യാമറകൾ, എന്ന് തുടങ്ങി ഒരു സ്മാർട്ട് ഹോം സിസ്റ്റത്തിൽ ഉപയോഗിക്കാവുന്ന സെക്യൂരിറ്റി സംവിധാനങ്ങളുടെ ഓപ്ഷനുകൾ വളരെ വലുതാണ്.

സ്മാർട്ട് ഹോം സംവിധാനങ്ങളുടെ വലിയ തോതിലുള്ള സ്വീകാര്യതയോടുകൂടി നിരവധി ബ്രാൻഡുകൾ ആണ് ഈ രംഗത്തേക്ക് കടന്നു വന്നിരിക്കുന്നത് എന്നിരുന്നാലും ജനപ്രീതിയിലും വിശ്വാസ്യതയിലും മുന്നിൽ നിൽക്കുന്നത് ആമസോണും ഗൂഗിളും ആപ്പിളും പോലെയൊക്കെയുള്ള ടോപ് ടെക്നോളജി ബ്രാൻഡുകൾ തന്നെയാണ്. ആമസോണിന്റെ അലക്സ വോയിസ് അസിസ്റ്റൻറ് ടെക്നോളജിയും എക്കോ സ്മാർട്ട് സ്പീക്കർ സംവിധാനവുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ആമസോൺ സ്മാർട്ട് ഹോം സിസ്റ്റം, ഗൂഗിൾ അസിസ്റ്റൻറ് എന്ന വോയിസ് അസിസ്റ്റൻറ് ടെക്നോളജിയുടെ പിൻബലത്തിൽ ഗൂഗിൾ നെസ്റ്റ് എന്ന സ്മാർട്ട് സ്പീക്കറുമായി സംയോജിച്ച് പ്രവർത്തിക്കുന്ന ഗൂഗിൾ സ്മാർട് ഹോം സിസ്റ്റം, ആപ്പിൾ സിരി എന്ന പേരിൽ അറിയപ്പെടുന്ന വോയിസ് അസിസ്റ്റന്റും ഹോം പോഡ് എന്ന സ്മാർട് സ്പീക്കറും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ആപ്പിൾ ഹോംകിറ്റ് എന്ന ആപ്പിൾ കമ്പനിയുടെ സ്മാർട്ട് ഹോം സംവിധാനങ്ങൾക്കും ഒപ്പം ചൈനീസ് കമ്പനികളായ ഷവോമി പോലും എം.ഐ ഹോം എന്ന പേരിൽ സ്മാർട് ഹോം സംവിധാനങ്ങളുമായി മാർക്കറ്റിൽ സജീവമാണ്.

സൗകര്യങ്ങൾക്കിടയിലെ സുരക്ഷാ വെല്ലുവിളികൾ

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, ഏതൊരു നല്ല കാര്യത്തിനും ഒരു മോശം വശം ഉണ്ടാകും എന്ന് പറയുന്നത് പോലെ, സ്മാർട്ട് ഹോം ടെക്നോളജി സംവിധാനങ്ങൾ പോപ്പുലർ ആവുന്നതോടൊപ്പം നിരവധി ആശങ്കകളും ദിനേന റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ ആശങ്കകൾ ഏറിയ പങ്കും സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ളതാണ് എന്നതാണ് യാഥാർഥ്യം. ഇത്രയും വർദ്ധിച്ച കണക്റ്റിവിറ്റി നമ്മുടെ വീടിന്റെ സുരക്ഷയെയും നമ്മുടെ സ്വകാര്യ വിവരങ്ങളുടെ രഹസ്യസ്വഭാവത്തെയും അപകടത്തിലാക്കാൻ സാധ്യതയുള്ള സുരക്ഷാ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്ന യാഥാർഥ്യത്തെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കണം.

സ്മാർട്ട് ഹോം സിസ്റ്റം ഹാക്ക് ചെയ്ത് സ്മാർട്ട് ലോക്കുകളും സ്മാർട്ട് ക്യാമറകളും ഉൾപ്പെടെയുള്ള സെക്യൂരിറ്റി ഉപകരണങ്ങളെ ആക്സസ് ചെയ്ത് മോഷണവും കൊള്ളയും ഒക്കെ നടത്തിയതുമായി ബന്ധപ്പെട്ട പല ന്യൂസുകളും ലോകത്തിന്റെ പല ഭാഗത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് നമ്മളിൽ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ ഏറ്റവും കൂടുതൽ മാധ്യമ ശ്രദ്ധ നേടിയ സംഭവമാണ് 2020 ൽ ന്യൂയോർക്കിൽ നടന്ന ഒരു സ്മാർട്ട് ഹോം ഹാക്കിങ്. തങ്ങളുടെ പുതിയ വീട്ടിൽ സ്ഥാപിച്ച ഗൂഗിൾ നെസ്റ്റ് സ്മാർട്ട് ഹോം സംവിധാനം വളരെ സുഖകരമായ അനുഭവത്തിൽ നിന്നും അവരുടെ ഉറക്കം കെടുത്തുന്ന ഒരു പേടിസ്വപ്നം പോലെയായി മാറിയത് വളരെ വേഗത്തിലായിരുന്നു. ഈ കുടുംബത്തിന്റെ സ്മാർട്ട് ഹോം അക്കൗണ്ടിലേക്ക് സുരക്ഷാ പഴുതുകൾ മുതലാക്കി നുഴഞ്ഞു കയറിയ ഹാക്കർമാർ വളരെ വേഗം തന്നെ ആ വീട്ടിലെ ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന തരത്തിലേക്ക് എത്തി.

മുറികളിലെ തെർമോസ്റ്റാറ്റിന്റെ താപനില 90 ഡിഗ്രിയോളം ഉയർത്തുക, ഡോർബെൽ ക്യാമെറയിലൂടെ വീടിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ ഒളിഞ്ഞു നിരീക്ഷിക്കുക, ടൂ വേ സ്മാർട്ട് സ്പീക്കർ വഴി വൃത്തികെട്ട പാട്ടുകൾ പ്ലേ ചെയ്യുക, മോശം ഭാഷയിലുള്ള സംഭാഷണങ്ങൾ കേൾപ്പിക്കുക എന്ന് തുടങ്ങി എല്ലാ സ്മാർട്ട് ഡിവൈസുകളുടെയും നിയന്ത്രണം അവരുടെ കൈകളിലായി. ഗൂഗിൾ നെസ്റ്റ് പ്ലാറ്റ്ഫോമിലെ സാങ്കേതിക പിശകുകൾ മുതലെടുത്ത് ഹാക്കർമാർ നടത്തിയ ഈ നുഴഞ്ഞുകയറ്റം സ്മാർട്ട് ഹോം ഉപയോക്താക്കളായ നിരവധി പേരെയാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്.

ഗൂഗിൾ നെസ്റ്റും ആമസോൺ അലെക്സയും ആപ്പിൾ ഹോം കിറ്റും പോലുള്ള മുന്തിയ ബ്രാൻഡുകളുടെ സ്മാർട്ട് ഹോം സംവിധാനങ്ങൾ പോലും ഇങ്ങനെ ഹാക്കിങ്ങിന് ഇരയാവുമ്പോൾ, വളരെ വില കുറഞ്ഞ ചീപ് ചൈനീസ് സ്മാർട്ട് ഹോം സംവിധാനങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർ നേരിടുന്ന സെക്യൂരിറ്റി റിസ്ക് എത്രത്തോളമുണ്ടെന്നത് പറയേണ്ടതില്ലല്ലോ. ഈ സംഭവങ്ങൾ എല്ലാം ഒരുപോലെ വിരൽ ചൂണ്ടുന്നത് ഐ.ഒ.റ്റി സംവിധാനത്തിൽ അധിഷ്ഠിതമായ സ്മാർട്ട് ഹോം ഡിവൈസുകൾ ഇയർത്തുന്ന സുരക്ഷാ വെല്ലുവിളികൾ എന്ന വളരെ ഗുരുതരമായ ഒരുകൂട്ടം പുതിയ പ്രശ്നങ്ങളുടെ ലോകത്തേയ്ക്കാണ്.

ഹോം സെക്യൂരിറ്റി ഡിവൈസുകൾ മാത്രമാണോ സുരക്ഷാ ഭീഷണി?

സ്മാർട്ട് ലോക്ക്, സ്മാർട്ട് സെക്യൂരിറ്റി ക്യാമറ പോലുള്ള ഹോം സെക്യൂരിറ്റി ഡിവൈസുകൾക്ക് മാത്രമാണ് സെക്യൂരിറ്റി റിസ്ക് കൂടുതൽ എന്നതാണ് പൊതുവെയുള്ള ധാരണ. എന്നാൽ ആ ധാരണ പൂർണ്ണമായും ശരിയല്ല. ഉദാഹരണത്തിന്, നിങ്ങൾ നിങ്ങളുടെ വീട്ടിൽ ആകെ ഉപയോഗിക്കുന്ന ഒരേ ഒരു സ്മാർട്ട് ഡിവൈസ് ഒരു സ്മാർട്ട് ഫ്രിഡ്ജ് മാത്രമാണെന്ന് കരുതുക. ആ സ്മാർട്ട് ഫ്രിഡ്ജ് വഴി എന്ത് സുരക്ഷാ ഭീഷണിയാകും നിങ്ങൾക്കും കുടുംബത്തിനും നേരെ ഉയരാൻ പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.

ബിൽറ്റ്-ഇൻ ക്യാമറ വഴിയുള്ള ഫുഡ് മോണിറ്ററിംഗ്, എക്സ്പയറി ഡേറ്റ് ട്രാക്കിങ്, ഫുഡ് ഇൻവെന്ററി ആൻഡ് യൂസേജ് ട്രാക്കിംഗ്, ഫ്രിഡ്ജിനുള്ളിൽ ലഭ്യമായ ഭക്ഷണ പദാർത്ഥങ്ങൾ കൊണ്ടുള്ള മീൽ പ്ലാനിംഗ് എന്ന് തടങ്ങി ആധുനിക സ്മാർട്ട് ഫ്രിഡ്ജുകളിലെ സംവിധാനങ്ങൾ നിരവധിയാണ്. സദാസമയം ഇന്റർനെറ്റുമായി കണക്റ്റഡ് ആയിരിക്കുന്ന ഈ സ്മാർട്ട് ഫ്രിഡ്ജിന്റെ നിയന്ത്രണം കൈക്കലാക്കാൻ ഒരു ഹാക്കർക്ക് സാധിച്ചാൽ, സ്‌മാർട്ട് ഫ്രിഡ്ജിന്റെ ഡോർ എപ്പോൾ, എത്ര തവണ തുറക്കുന്നു എന്ന് ട്രാക്ക് ചെയ്യുന്ന സെൻസറുകൾ ഉണ്ട് കൂടാതെ അകത്തുള്ള ക്യാമറ വഴി സൂക്ഷിച്ചിരിക്കുന്ന പദാർത്ഥങ്ങളുടെ ഉപയോഗനില അറിയാൻ സാധിക്കും. ഇങ്ങനെയുള്ള ഫീച്ചറുകൾ മുതലാക്കി, ഉപയോഗ പാറ്റേണുകൾ അനലൈസ് ചെയ്തുകൊണ്ട് വളരെ വേഗം ഒരു ഹാക്കർക്ക് ആ വീട്ടിൽ കൂടുതൽ നേരം ആളുകൾ ഇല്ലാതിരിക്കുന്ന സമയമോ അല്ലെങ്കിൽ കുടുംബം ഒന്നിലധികം ദിവസം വീട്ടിലില്ല എന്ന തരത്തിലുള്ള വിവരമോ ലഭിക്കും.

ദൈർഘ്യമേറിയ പ്രവർത്തനങ്ങളൊന്നും ഇല്ലെങ്കിൽ, ആരും അത് ഉപയോഗിക്കുന്നില്ലെന്ന് ഹാക്കർമാർ അറിയുകയും ആ സമയം വളരെ എളുപ്പത്തിൽ വീട് കൊള്ളയടിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാനും സാധിക്കും. ഇവിടെ വില്ലനായിരിക്കുന്നത് നമ്മുടെ അശ്രദ്ധ മൂലം നമ്മൾ തന്നെ എക്സ്പോസ് ചെയ്തു കൊടുക്കുന്ന ഡാറ്റയാണ്. ഇതുപോലെ നിർദോഷം എന്ന് നാം കരുതുന്ന പല സ്മാർട് ഡിവൈസുകളും നമ്മളറിയാതെ തന്നെ നമ്മുടെ വിലപ്പെട്ട ഡാറ്റ കൈകാര്യം ചെയ്യുന്നുണ്ട്. ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ മറ്റൊരാളിന്റെ കൈവശം എത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനെക്കുറിച്ചാണ് നാമിന്നിവിടെ സംസാരിക്കുന്നത്.

ബാലൻസിങ് ആക്ട്: സൗകര്യം ത്യജിക്കാതെ സുരക്ഷ വർദ്ധിപ്പിക്കൽ:

സ്മാർട്ട് ഉപകരണങ്ങളുടെ ഏറ്റവും വലിയ ആകർഷണം അവയുടെ ഇടതടവില്ലാത്ത കണക്റ്റിവിറ്റിയിലാണ്, എന്നാൽ ഈ സവിശേഷത തന്നെ പലപ്പോഴും പലതരത്തിലുള്ള സുരക്ഷാ വീഴ്ചകളിലേക്കുള്ള വാതിൽ തുറക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. ഇന്റർനെറ്റുമായി സദാസമയം കണക്ടഡ് ആയിരിക്കുന്ന ഈ സ്‌മാർട്ട് ലോക്കുകൾ, സ്മാർട്ട് ക്യാമറകൾ എന്നിവ പോലുള്ള ഉപകരണങ്ങൾക്ക് പലപ്പോഴും ശക്തമായ എൻക്രിപ്ഷൻ ഉണ്ടാകാറില്ല, ഇത് പലപ്പോഴും ഹാക്കർമാരുടെ ചൂഷണത്തിന് വിധേയമാകുവാൻ കാരണമാകുന്നു. ഡിഫോൾട്ട് പാസ്‌വേഡുകൾ പോലും മാറ്റാനോ, കൃത്യമായ ഇടവേളകളിൽ പഴയ പാസ്‌വേഡ് അപ്ഡേറ്റ് ചെയ്യുവാനോ പലരും സമയം കണ്ടെത്താറില്ല. കൂടാതെ സ്മാർട്ട് ഡിവൈസുകളുടെ ഫേംവെയർ / സോഫ്ട്‌വേറുകൾ അപ്‌ഡേറ്റഡ് ആയി സൂക്ഷിക്കുവാൻ ശ്രദ്ധിക്കാറുമില്ല. ഈ കാരണങ്ങളൊക്കെ അനധികൃതമായി നമ്മുടെ സ്വകാര്യതയിലേക്കുള്ള ഒരു തുറന്ന ക്ഷണമായി വർത്തിക്കുന്നു.

സ്‌മാർട്ട് ഹോം സൗകര്യത്തിനും സ്വകാര്യത സംരക്ഷിക്കുന്നതിനും ഇടയിൽ സൂക്ഷ്മമായ സന്തുലിതാവസ്ഥ കൈവരിക്കേണ്ട ബാധ്യത ഉപയോക്താക്കൾക്കാണ്. ഓരോ ഉപകരണത്തിനും ശക്തവും സുദൃഢവുമായ പാസ്‌വേഡുകൾ സ്വീകരിക്കുക എന്നത് പ്രതിരോധത്തിന്റെ ആദ്യ നിയമമായി വർത്തിക്കുന്നു. ഉപകരണത്തിന്റെ പ്രൈവസി സെറ്റിങ്ങുകൾ സമഗ്രമായി അവലോകനം ചെയ്യുകയും അനാവശ്യമായ ഡാറ്റ ശേഖരണം പ്രവർത്തനരഹിതമാക്കുകയും ചെയ്യുന്നത് ഈ പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഒരു സ്മാർട് ഡിവൈസ് വാങ്ങുന്നതിന് മുന്നേ തന്നെ അതിന്റെ സുരക്ഷാ ക്ഷമതയെക്കുറിച്ചുള്ള ഗവേഷണം നടത്തി പ്രസ്തുത ബ്രാൻഡ് മികച്ച ഓൺലൈൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ട്രാക്ക് റെക്കോർഡുള്ള ഉപകരണങ്ങൾ ആണ് പുറത്തിറക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

എങ്ങനെ ഇതിനെ പ്രതിരോധിക്കാം

സ്‌മാർട്ട് ഹോം ഗാഡ്‌ജെറ്റുകൾ വമ്പിച്ച സൗകര്യവും ഓട്ടോമേഷനും ഉറപ്പുവരുത്തുന്നവയാണ് എന്നുണ്ടെങ്കിൽ തന്നെയും, ഈ സൗകര്യങ്ങൾ ഒന്നും തന്നെ അപകടസാധ്യതയില്ലാത്തവയല്ല എന്ന കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്റർനെറ്റ് കണക്റ്റുചെയ്‌ത ഉപകരണങ്ങൾ കൃത്യമായ രീതിയിൽ ക്രമീകരിച്ച് ഉപയോഗിച്ചില്ല എന്നുണ്ടെങ്കിൽ, സൈബർ ക്രിമിനലുകൾക്ക് നമ്മുടെ വീടിന്റെ വാതിലുകൾ തുറന്നിട്ട് വിരുന്നു വിളിക്കുന്നതിന് സമാനമായ സാഹചര്യം സൃഷ്ടിക്കുന്നതിന് തുല്യമായിരിക്കും.

എന്നിരുന്നാലും, ഈ സുരക്ഷാ ഭീഷണികൾ പരിമിതപ്പെടുത്തുന്നതിനും നമ്മുടെ സ്മാർട്ട് ഹോം സാങ്കേതികവിദ്യ സുരക്ഷിതമായി തന്നെ നിലനിർത്തുന്നതിനും നാമോരോരുത്തർക്കും എടുക്കാവുന്ന ലളിതമായ ചില സുരക്ഷാ മുൻകരുതലുകൾ ഉണ്ട്. സ്മാർട്ട് ഹോം ഉപകരണങ്ങൾ സജ്ജീകരിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സുരക്ഷാ അവബോധവും മികച്ച രീതികളും ഉപയോഗിക്കുന്നത് ഭാവിയിലെ ദുരന്തങ്ങൾ ഒഴിവാക്കാൻ നമ്മെ സഹായിക്കും. ഏതെങ്കിലും വോയ്‌സ് അസിസ്റ്റന്റ്, സെക്യൂരിറ്റി ക്യാമറ, സ്‌മാർട്ട് ലോക്ക് അല്ലെങ്കിൽ മറ്റ് കണക്റ്റഡ് ഡിവൈസുകൾ വാങ്ങി ഉപയോഗിക്കുന്നതിന് മുൻപും ഉപയോഗവേളയിലും കൃത്യമായ ചില മുൻകരുതലുകൾ എടുക്കേണ്ടതായുണ്ട്. നിങ്ങളുടെ സ്‌മാർട്ട് ഹോം നെറ്റ്‌വർക്കും ഉപകരണങ്ങളും സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇവിടെ കൊടുക്കുന്നു.

കണ്ടെത്താൻ ഈസിയായ പാസ്‌വേഡുകൾ ഉപയോഗിക്കരുത്

ലളിതവും ഊഹിക്കാവുന്നതുമായ പാസ്‌വേഡുകൾ ഉപയോഗിക്കരുത്. ക്രാക്ക് ചെയ്യാൻ പ്രയാസമുള്ള ദീർഘവും സങ്കീർണ്ണവുമായ പാസ്‌ഫ്രെയ്‌സുകൾ സൃഷ്‌ടിക്കുക. വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും, അക്കങ്ങൾ, സ്‌പെഷ്യൽ ക്യാരക്റ്ററുകൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട് കുറഞ്ഞത് 12 അക്ഷരങ്ങൾ ചേർത്തുള്ള ശക്തമായ പാസ്സ്‌വേർഡുകൾ സൃഷ്ടിക്കുക.ഡിഫോൾട്ട് ഫാക്ടറി പാസ്‌വേഡുകൾ ഒഴിവാക്കുക. നിങ്ങളുടെ പ്രതിരോധത്തിന്റെ ആദ്യ വരി ഓരോ ഉപകരണത്തിനും സുദൃഢമായ പാസ്‌വേഡുകളായിരിക്കണം.

ഡാറ്റ ശേഖരണം പരിമിതപ്പെടുത്തുക

നിങ്ങളുടെ ഓരോ സ്മാർട്ട് ഉപകരണത്തിലെയും സ്വകാര്യതാ ക്രമീകരണങ്ങൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക. ആവശ്യമില്ലാത്ത ഏതെങ്കിലും ഡാറ്റ ശേഖരണം ശ്രദ്ധയിൽ പെട്ടാൽ അവയൊക്കെ ഡിസേബിൾ ചെയ്യുവാനോ നിയന്ത്രിക്കുവാനോ ഉള്ള ഓപ്ഷനുകൾ ക്രമീകരിക്കുക.

“ഉൽപ്പന്ന അനുഭവം മെച്ചപ്പെടുത്തുക” എന്ന ലേബലിൽ വരുന്ന ഡാറ്റ പങ്കിടൽ ഒഴിവാക്കി സെറ്റ് ചെയ്യുക.

വോയ്‌സ് അസിസ്റ്റന്റുകൾക്കായി, അനലിറ്റിക്‌സ്, റെക്കോർഡിംഗ് അവലോകനം, ലൊക്കേഷൻ ട്രാക്കിംഗ് തുടങ്ങിയുള്ള സെറ്റിങ്ങുകൾ പരമാവധി ഡിസേബിൾ ആയി തന്നെ നിലനിർത്തുക.

സുരക്ഷാ ക്യാമറകളിൽ ഫേസ് റെക്കഗ്നിഷൻ സംവിധാനം വളരെ ആവശ്യതമെങ്കിൽ മാത്രം എനേബിൾ ചെയ്യുക. ഉപയോഗിക്കുവാണെങ്കിൽ കൂടി ഫൂട്ടേജുകൾ ലോക്കൽ ആയി സ്റ്റോറേജ് ചെയ്യുവാൻ ഉള്ള സെറ്റിങ്ങുകൾ ഉപയോഗിക്കുക.

ആവശ്യമില്ലാതെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ ബില്ലിംഗ് സെക്ഷനിൽ ഒട്ടോ റിന്യുവൽ പോലുള്ള ആവശ്യങ്ങൾക്കായി സേവ് ചെയ്തു വെയ്ക്കുന്ന ശീലം ഉപേക്ഷിക്കുക.

സുരക്ഷിത ഉപകരണങ്ങൾ തിരഞ്ഞെടുക്കുക

ഒരു പുതിയ സ്‌മാർട്ട് ഗാഡ്ജറ്റുകൾ വാങ്ങി കണക്‌റ്റ് ചെയ്യുന്നതിന് മുമ്പ് അവയെപ്പറ്റി നന്നായി റിസർച്ച് ചെയ്യുക. തെളിയിക്കപ്പെട്ട സുരക്ഷാ ട്രാക്ക് റെക്കോർഡുള്ള എസ്റ്റാബ്ലിഷ്ഡ് ബ്രാൻഡുകൾ മാത്രം തിരഞ്ഞെടുക്കുക. പേരില്ലാത്ത വിലകുറഞ്ഞ നിർമ്മാതാക്കളെ അല്ലെങ്കിൽ ബ്രാൻഡുകളെ ഒഴിവാക്കുക.

ഓട്ടോമാറ്റിക് സുരക്ഷാ അപ്ഡേറ്റുകൾ, എൻക്രിപ്റ്റ് ചെയ്ത ഡാറ്റ ട്രാൻസ്മിഷൻ, നെറ്റ്‌വർക്ക് സെക്യൂരിറ്റി ഉൾപ്പെടെയുള്ള കാര്യങ്ങൾ ആ പ്രോഡക്റ്റ് ന്റെ റിവ്യൂ നോക്കി വിശകലനം ചെയ്യുക. കൃത്യമായ ഗ്യാരന്റിയും പ്രോഡക്റ്റ് സപ്പോർട്ടും ഉള്ള ഉപകാരങ്ങൾ മാത്രം തെരഞ്ഞെടുക്കുക.

നിങ്ങളുടെ സ്‌മാർട്ട് ഹോം ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക.

സിസ്റ്റത്തിലെ ബലഹീനതകളും കേടുപാടുകളും പരിഹരിക്കുന്ന സുപ്രധാന സുരക്ഷാ പാച്ചുകൾ ഫേംവെയർ / സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിൽ അടങ്ങിയിരിക്കുന്നു.

ലഭ്യമാകുമ്പോഴെല്ലാം സ്വയമേവയുള്ള അപ്‌ഡേറ്റുകൾ ഷെഡ്യൂൾ ചെയ്യുക. മാനുവൽ അപ്‌ഡേറ്റുകൾ ആവശ്യമാണെങ്കിൽ, ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ റിലീസുകൾ പതിവായി പരിശോധിച്ച് അവ ഉടനടി ഇൻസ്റ്റാൾ ചെയ്യുക.

നിങ്ങളുടെ വെർച്വൽ പ്രതിരോധം കാലഹരണപ്പെടാൻ അനുവദിക്കരുത് – നിലവിലുള്ള സുരക്ഷയ്ക്ക് സമയബന്ധിതമായ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ അത്യന്താപേക്ഷിതമാണ് എന്ന കാര്യം മറക്കാതിരിക്കുക.

വി.പി.എൻ (VPN) ഉപയോഗിക്കുക.

ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സജ്ജീകരിക്കുന്നതിലൂടെ ഒരു അധിക സംരക്ഷണ ലെയർ കൂടി ഉറപ്പുവരുത്തുക. ഒരു വി.പി.എൻ നിങ്ങളുടെ ഉപകരണങ്ങളിലേക്കും പുറത്തേക്കും ഇന്റർനെറ്റ് ട്രാഫിക്കിനെ എൻക്രിപ്റ്റ് ചെയ്യുന്നു, അതിനാൽ അത് പുറത്തുള്ളവർക്ക് ആക്‌സസ് ചെയ്യാൻ കഴിയില്ല. നിങ്ങളുടെ സ്‌മാർട്ട് ഹോമിന്റെ നെറ്റ്‌വർക്ക് പ്രവർത്തനത്തിൽ ചാരപ്പണി നടത്തുന്നതിൽ നിന്നും ഹാക്കർമാരെ വി.പി.എൻ എൻക്രിപ്ഷൻ തടയുന്നു. നിങ്ങളുടെ കണക്റ്റുചെയ്‌ത ഉപകരണങ്ങൾക്കും അവർ ആശയവിനിമയം നടത്തുന്ന സെർവറുകൾക്കുമിടയിൽ ട്രാൻസ്ഫർ ആകുന്ന ഡാറ്റ ഇത് മറയ്‌ക്കുന്നു. അനധികൃത ആക്‌സസ് നിയന്ത്രിക്കാൻ വി.പി.എൻ സുരക്ഷാ ക്രമീകരണങ്ങൾ അത്യാവശ്യമാണ്.

ഡിവൈസ് പ്ലെയ്‌സ്‌മെന്റിനെക്കുറിച്ച് ചിന്തിക്കുക

സ്‌മാർട്ട് ഹോം ഉപകരണങ്ങൾ എവിടെയാണ് നിങ്ങൾ സ്ഥാപിക്കുന്നത് എന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. കിടപ്പുമുറികളും ബാത്ത്റൂമുകളും പോലുള്ള വളരെ സെൻസിറ്റീവ് ഏരിയകളിൽ മൈക്രോഫോണുകളും ക്യാമറകളും ഉൾപ്പെടുന്ന സ്മാർട് ഡിവൈസുകൾ പരമാവധി ഒഴിവാക്കുക.

എല്ലായിടത്തും വോയ്‌സ് അസിസ്റ്റന്റ് ഡിവൈസുകൾ ഉണ്ടായിരിക്കുന്നത് സൗകര്യപ്രദമാണെങ്കിലും, തന്ത്രപരമായ രീതിയിൽ പ്രൈവസി പ്രശ്നം ഉണ്ടാകാത്ത തരത്തിൽ അവ സ്ഥാപിക്കുക. ടൂ-വേ സ്മാർട്ട് സ്പീക്കറുകൾ, സെക്യൂരിറ്റി ക്യാമറകൾ മുതലായവ സ്ഥാപിക്കുമ്പോൾ പ്രൈവറ്റ് ചർച്ചകൾ നടക്കുന്ന വ്യക്തിഗത ഇടങ്ങളിൽ ഒഴിവാക്കുന്നത് അനാവശ്യമായ എക്സ്പോഷർ കുറയ്ക്കുവാൻ സഹായിക്കും. സ്മാർട്ട് ഉപകരണ സ്ഥാനങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നത് വ്യക്തിഗത ഇടങ്ങൾ സംരക്ഷിക്കുന്നു, അതേസമയം അവ ആവശ്യമുള്ളിടത്ത് സഹായകരമായ രീതിയിൽ നമ്മെ സഹായിക്കുകയും ചെയ്യും.

സ്‌മാർട്ട് ഹോം ടെക്നോളജിയുടെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, സുരക്ഷാ ഭീഷണികളെ ഭയന്ന് അവയോട് അകലം പാലിക്കുകയല്ല വേണ്ടത്. പകരം മറ്റേത് ടെക്നോളജിയിലും ഉള്ളത് പോലെ ഇതിലും അടങ്ങിയിരിക്കുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് കൃത്യമായ അവബോധം നേടുകയും കുറച്ചധികം ശ്രദ്ധയോടുകൂടി ഇതിനെ സമീപിക്കുകയാണ് വേണ്ടത്. മുകളിൽ പറഞ്ഞിട്ടുള്ള ഈ സജീവമായ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിലൂടെ, നിങ്ങൾ നിങ്ങളുടെ സ്മാർട്ട് ഹോം സുരക്ഷിതമാക്കുക മാത്രമല്ല – സൗകര്യത്തിന്റെയും സ്വകാര്യതയുടെയും കോട്ടയാക്കി നിങ്ങളുടെ വീടിനെ മാറ്റുകയാണ്. ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കുക!.

UI architect ദീപു ബാലൻ http://www.deepubalan.com

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top