ആനുകാലിക പ്രസക്തമായ പ്രവാസി വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടുമെന്ന് ജിദ്ദ കേരള പൗരാവലി

ആനുകാലിക പ്രസക്തമായ പ്രവാസി വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടുമെന്ന് ജിദ്ദ കേരള പൗരാവലിയുടെ രണ്ടാം പ്രതിനിധി സഭ സംഗമം വിപുലമായ ചര്‍ച്ചകളിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജിദ്ദയില്‍ ചേര്‍ന്ന കേരളത്തിലെ പതിനാല് ജില്ലയില്‍ നിന്നുമുള്ള പ്രതിനിധികളുടെ പങ്കാളിത്തം ചര്‍ച്ച സംഗമത്തില്‍ ഉണ്ടായത് ശ്രദ്ധേയമായി. സൗദി പ്രവാസികളുടെ അഭിമാനമായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ സ്വാതന്ത്ര്യവും സുരക്ഷയും കാര്യശേഷിയും നിലനിര്‍ത്തുന്നതിനും വര്‍ധിപ്പിക്കുന്നതിനും വേണ്ടി സ്‌കൂളുകളിലും അനുബന്ധ പ്രാദേശങ്ങളിലും സി സി ടി വി കാമറകള്‍ സ്ഥാപിച്ചും കഴിവുറ്റ സുരക്ഷ ജീവനക്കാരെ നിയോഗിച്ചും സുരക്ഷ ഉറപ്പ് വരുത്തി നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് നൂറുനിസ ബാവ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. (Jeddah Kerala Pouravali meeting updates)
അവധി കാലത്തെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും അമിതമായ വിമാന യാത്ര നിരക്കില്‍ നിന്ന് പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മോചനം ലഭിക്കുന്നതിനും വേണ്ടി ജിദ്ദയില്‍ നിന്നും കേരളത്തിലെ വിവിധ തുറമുഖങ്ങളിലേക്ക് യാത്രാ കപ്പല്‍ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള പഠനങ്ങള്‍ പൂര്‍ത്തിയാക്കി അനുയോജ്യമെങ്കില്‍ വേണ്ട ഇടപെടലുകള്‍ നടത്തി പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്ന പ്രമേയം നസീര്‍ വാവ കുഞ്ഞും അവതരിപ്പിച്ചു. ജിദ്ദ കേരള പൗരവലിയുടെ രണ്ടാം പ്രതിനിധി സഭ സംഗമത്തിലെ ഈ രണ്ട് പ്രമേയ വിഷയങ്ങളും വിപുലമായി ചര്‍ച്ച ചെയ്തു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടി ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ച് ചര്‍ച്ച നടത്തും.
തുടര്‍ന്ന് ആവശ്യമെങ്കില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും കേരള മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ വിഷയങ്ങള്‍ കൊണ്ടുവരാനും ജിദ്ദ കേരള പൗരാവലിയുടെ രണ്ടാം പ്രതിനിധി സഭ സംഗമത്തില്‍ ധാരണയായി. ഇതിന് വേണ്ടി സലാഹ് കാരാടന്‍, മുഹമ്മദ് ബൈജു, അബൂബക്കര്‍ ദാദാബായി, നസീര്‍ വാവകുഞ്ഞു, അഡ്വകറ്റ് ബഷീര്‍, മിര്‍സാ ഷരീഫ് എന്നിവരെ യോഗം ചുമതലപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളില്‍ അന്തരിച്ച കാനം രാജേന്ദ്രന്‍, കെ പി വിശ്വനാഥന്‍ എന്നിവര്‍ക്ക് യോഗം ആദരാഞ്ജലികള്‍ നേര്‍ന്നു.
Story Highlights: Jeddah Kerala Pouravali meeting updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here