ശബരിമല ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു; പ്രതിഷേധവുമായി തീര്‍ഥാടകര്‍

തീർത്ഥാടകരുടെ വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞതിനെത്തുടർന്ന് ശബരിമലയിൽ വൻ പ്രതിഷേധം. പുലർച്ചെ 5 മണി മുതൽ ഇടത്താവളങ്ങളിൽ തടഞ്ഞിട്ടതോടെയാണ് അയ്യപ്പഭക്തരുടെ പ്രതിഷേധം. മണിക്കൂറുകളായി കുടുങ്ങിയതോടെയാണ് അയ്യപ്പന്മാർ വഴിയിൽ പ്രതിഷേധിച്ചത്. തിരക്ക് കുറയുന്നതനുസരിച്ച് മാത്രമേ കടത്തിവിടാൻ കഴിയൂ എന്നാണ് പൊലീസിന്റെ വിശദീകരണം.(Sabarimala Devotees Protest)
എരുമേലിയിലേക്കുള്ള വൻ തിരക്ക് ഒഴിവാക്കാനാണ് പൊലീസ് ക്രമീകരണം. അവധി ദിവസമായതിനാൽ പുലർച്ചെ അഞ്ചുമണി മുതൽ കാത്തിരുന്ന അയ്യപ്പ ഭക്തരിൽ പലർക്കും ഭക്ഷണം പോലും കിട്ടിയില്ല. ഒടുവിൽ പൊലീസുമായി വാക്കുതർക്കം ഉണ്ടായി.
പാലാ – പൊൻകുന്നം റോഡിൽ പൂവരണി അമ്പലത്തിനു സമീപം നിരവധി അയ്യപ്പൻമാർ വഴിയിൽ കുടുങ്ങി. ഇടത്താവളങ്ങൾ അല്ലാത്ത പ്രദേശങ്ങളിൽ വാഹനങ്ങൾ തടഞ്ഞതോടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെ തീർത്ഥാടകർ ബുദ്ധിമുട്ടി. അയ്യപ്പഭക്തന്മാർ വഴിയിൽ കുത്തിയിരുന്ന് ശരണം വിളിച്ചതോടെ കുറച്ച് വാഹനങ്ങൾ കടത്തിവിട്ടു.
കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലും നിയന്ത്രണം ഉണ്ടായി. അതേസമയം അയ്യപ്പസ്വാമിയ്‌ക്ക് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ ശബരിമലയിൽ എത്തും. ഡിസംബർ 23ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര നാളെ ഉച്ചയ്‌ക്കാണ് പമ്പയിൽ എത്തുന്നത്. വൈകീട്ട് 5.15 ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്ര ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
Story Highlights: Sabarimala Devotees Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here