‘മാധ്യമപ്രവർത്തകയുടെ പ്രവർത്തനത്തിൽ കുറ്റകൃത്യമുണ്ടെങ്കിൽ പരിശോധിക്കണം’; വിനീത വി.ജിക്കെതിരായ കേസിനെ ന്യായീകരിച്ച് വനിത കമ്മീഷൻ

മാധ്യമപ്രവർത്തക വിനീത വി ജിക്കെതിരായ കേസിനെ ന്യായീകരിച്ച് വനിത കമ്മീഷൻ. മാധ്യമ പ്രവർത്തകയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും കുറ്റകൃത്യമുണ്ടെങ്കിൽ പൊലീസ് പരിശോധിക്കേണ്ടതുണ്ടെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി പ്രതികരിച്ചു. മാധ്യമ പ്രവർത്തകയുടെ സ്വതന്ത്രമായ ജോലിക്ക് തടസമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വനിത കമ്മിഷന് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും പി.സതീദേവി 24നോട് പറഞ്ഞു.
നവകേരള യാത്രയ്ക്കിടയിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്ത ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തം. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. വിമർശനങ്ങളെ ഭയക്കുന്നതുകൊണ്ടാണ് സർക്കാർ ഇത്തരം നടപടികളെടുക്കുന്നതെന്നും, സിഡിആർ ചോർന്നതിൽ അന്വേഷണം വേണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.
‘സിപിഐഎമ്മിന് സ്ഥുതി പാടുന്നവരെല്ലാം നല്ലവർ. അവർക്കെതിരെ മോശം റിപ്പോർട്ട് ചെയ്യുന്നവരെല്ലാം മോശക്കാർ. അതാണ് ഇവിടെ സംഭവിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ നാല് വാക്ക് പൊക്കി പറഞ്ഞാൽ അവർ ഏറ്റവും നല്ല മാധ്യമ പ്രവർത്തകയാകും’- കെ.കെ രമ പറഞ്ഞു. ഒരു പെൺകുട്ടിയുടെ മനോവീര്യം കെടുത്തുകയാണ് ചെയ്തതെന്നും, അത് അംഗീകരിച്ചുകൊടുക്കാൻ സാധിക്കില്ലെന്നും കെ.കെ രമ വ്യക്തമാക്കി.
Story Highlights: P Sathidevi about case against Vineetha V G
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here