ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി

നിയുക്ത മന്ത്രി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി. മുഖ്യമന്ത്രി നൽകുന്ന വകുപ്പിന് പുറമേ സിനിമ വകുപ്പ് കൂടി നൽകണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചു. (ganesh kumar movie congress)
സംസ്ഥാന മന്ത്രിസഭ മുഖംമിനിക്കുമ്പോൾ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വകുപ്പുകൾ സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പുമാകും ലഭിക്കുക എന്നാണ് സൂചനകൾ.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ ഉറപ്പിച്ചതാണ് രണ്ടര വർഷത്തിനു ശേഷമുള്ള പുനസംഘടന. കാര്യങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമ്പോൾ എൽഡിഎഫിന്റെ കെട്ടുറപ്പിന് തെല്ലും കോട്ടമില്ല. എതിരഭിപ്രായത്തിന്റെ ചെറു കണിക പോലുമില്ല. ഇനി ആകെ ഔദ്യോഗികമായുള്ള പുതിയ മന്ത്രിമാരുടെ വകുപ്പ് പ്രഖ്യാപനം മാത്രം ബാക്കി. അതിലും ആശങ്കയുമില്ല. ആന്റണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിന് ലഭിക്കും. അഹമ്മദ് ദേവർക്കോവിൽ ഒഴിയുന്ന തുറമുഖ വകുപ്പാകും കടന്നപ്പള്ളി രാമചന്ദ്രന് ലഭിക്കുക.
Read Also: ഗണേഷ് കുമാറിന് ഗതാഗതം; മന്ത്രിസഭ മുഖംമിനിക്കുമ്പോള്‍ വകുപ്പുമാറ്റം ഉണ്ടായേക്കില്ല
രണ്ടുപേരും ഇതേ വകുപ്പുകൾ നേരത്തെ വഹിച്ചു പരിചയമുള്ളവരാണ്. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കപെട്ടില്ല. അതിന്റെ പേരിൽ എൽഡിഎഫിൽ വിവാദങ്ങളും ഇല്ല. മന്ത്രിസ്ഥാനം വേണമെന്ന കോവൂർ കുഞ്ഞുമോന്റെ ആവശ്യം പരിഗണിച്ചില്ല. പകരം, ഉചിതമായ പരിഗണനകൾ നൽകാമെന്ന ഉറപ്പു നൽകിയിട്ടുണ്ട്.
ഈ മാസം 29ന് വൈകിട്ട് രാജ്ഭവനിലാകും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവഹേളിച്ച ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകരുതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.
Story Highligts: ganesh kumar movie kerala congress b
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here