ഗണേഷ് കുമാറിന് സിനിമയില്ല, ഗതാഗതം മാത്രം; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പില്ല, ഗതാഗത വകുപ്പ് മാത്രം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. മുമ്പ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മാത്രം കൈകാര്യം ചെയ്താൽ മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ.ബി.ഗണേഷ് കുമാറിനു സിനിമ വകുപ്പ് നൽകില്ല. ഇക്കാര്യം ഗണേഷ് കുമാറിനെ മുഖ്യമന്ത്രിയും അറിയിച്ചു.(KB Ganesh Kumar will be Appointed as Transport Minister)
സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക. തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായാണു വീണ്ടും രാമചന്ദ്രൻ കടന്നപ്പള്ളി രണ്ടാം പിണറായി മന്ത്രിസഭയിൽ എത്തുന്നത്.
ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിലിന്റേതു ഗണേഷിനും നൽകും.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫിസ് തന്നെയാണ് കടന്നപ്പള്ളിക്കു കിട്ടുക.
വൈകിട്ട് നാലിനാണു ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഔദ്യോഗിക വസതി വേണ്ടെന്നു ഗണേഷ് അറിയിച്ചിട്ടുണ്ട്. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങ് ബഹിഷ്കരിക്കുമെന്നു പ്രതിപക്ഷം അറിയിച്ചു.
അതേസമയം കെ.എസ്.ആര്‍.ടി.സിയിലെ വരുമാനച്ചോര്‍ച്ച തടയുമെന്ന് കെ.ബി.ഗണേഷ്കുമാര്‍ വ്യക്തമാക്കി. കണക്കുകള്‍ കൃത്യമാകണം. അതിന് സോഫ്ട്‌വെയര്‍ അനിവാര്യമാണ്. കെഎസ്ആര്‍ടിസിയില്‍നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ട. ഗ്രാമീണമേഖലകളില്‍ കൂടുതല്‍ ബസുകള്‍ ഓടിക്കുന്ന പദ്ധതി കൊണ്ടുവരും. സിനിമ വകുപ്പ് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
Story Highlights: KB Ganesh Kumar will be Appointed as Transport Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here