Advertisement

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കേന്ദ്രത്തിന്റെ ധനസഹായം; എങ്ങനെ നേടണം ? ആർക്കെല്ലാം ലഭിക്കും ?

January 2, 2024
Google News 4 minutes Read
Pradhan Mantri Matru Vandhana Yojna details malayalam

സന്തോഷത്തിന്റേയും പ്രതീക്ഷകളുടേയും മാത്രമല്ല, അത്യാവശ്യം നല്ല ചെലവ് വരുന്ന സമയം കൂടിയാണ് ഗർഭകാലം. പ്രതിമാസമുള്ള സ്‌കാനിംഗ്, മരുന്ന് എന്നിങ്ങനെ ചെലവുകൾ വന്നുകൊണ്ടിരിക്കും. മറ്റു ചെലവുകൾക്കിടെ പോഷകാഹാരം കൃത്യമായി കഴിക്കാനോ അതിനുള്ള പണം കണ്ടെത്താനോ പല കുടുംബങ്ങളും ശ്രദ്ധിക്കാറില്ല. പോഷകാഹാരം കൃത്യമായി ലഭിക്കേണ്ട ഗർഭ-മുലയൂട്ടൽ കാലത്ത് അത് ഉറപ്പ് വരുത്താൻ അമ്മമാർക്കായി ധനസഹായം നൽകുന്ന ഒരു പദ്ധതിയുണ്ട്‌. കേന്ദ്ര സർക്കാരിന്റെ പ്രധാന മന്ത്രി മാതൃ വയവന്ദന യോജനയെ കുറിച്ച് എത്ര പേർക്കറിയാം ? ( Pradhan Mantri Matru Vandhana Yojna details malayalam )

പദ്ധതിയെ കുറിച്ച് :

പ്രധാന മന്ത്രി മാതൃ വയവന്ദന യോജന പദ്ധതി പ്രകാരം മൂന്ന് ഇൻസ്റ്റോൾമെന്റ് ആയി 5,000 രൂപയാണ് അമ്മമാർക്ക് ലഭിക്കുക. ആദ്യ ഇൻസ്റ്റോൾമെന്റായ 1000 രൂപ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച ശേഷം പദ്ധതിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കും. രണ്ടാം ഇൻസ്‌റ്റോൾമെന്റായ 2,000 രൂപ ഗർഭിണിയായി ആറ് മാസത്തിന് ശേഷം ആന്റി നേറ്റൽ ചേക്കപ്പ് പൂർത്തിയാക്കിയ ശേഷവും മൂന്നാം ഇൻസ്റ്റോൾമെന്റ് തുകയായ 2,000 രൂപ കുഞ്ഞുണ്ടായ ശേഷവും ലഭിക്കും.

ആർക്കെല്ലാം ലഭിക്കും ?

ആദ്യമായി കുഞ്ഞുണ്ടാകുന്ന അമ്മമാരാണ് ഇതിന്റെ ഗുണഭോക്താക്കൾ. ഗുണഭോക്താവിന്റെ ബാങ്ക്/പോസ്റ്റ് ഓഫിസ് അക്കൗണ്ടിലേക്കാകും പണം വരിക. കേരളത്തിൽ സാമൂഹിക നീതി വകുപ്പിനാണ് പദ്ധതിയുടെ ചുമതല. സർക്കാർ ആശുപത്രികളിൽ മാത്രമല്ല, പ്രൈവറ്റഅ ആശുപത്രികളിൽ ചികിത് തേടുന്ന ഗർഭിണികൾക്കും പദ്ധതിയിൽ അപേക്ഷിക്കാം.

കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഈ ധനസഹായം ലഭിക്കില്ല.

Read Also : പ്രതിമാസം ആയിരം രൂപ നിക്ഷേപിക്കാനുണ്ടോ? മാര്‍ച്ച് 31ന് മുന്‍പ് ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം

എവിടെ രജിസ്റ്റർ ചെയ്യണം ?

അങ്കൻവാടിയിലോ അംഗീകൃത ആരോഗ്യ കേന്ദ്രത്തിലോ ആണ് ഗർഭം രജിസ്റ്റർ ചെയ്യേണ്ടത്. അവസാനമായി ആർത്തവം വന്ന ദിവസം മുതൽ 730 ദിവസത്തിനകം പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം.

പദ്ധതിയിൽ അപേക്ഷിക്കാനായി ഫോം 1എ പൂരിപ്പിച്ച് നൽകണം. ഒപ്പം മദർ ആന്റ് ചൈൽഡ് പ്രൊട്ടക്ഷൻ കാർഡ് അഥവാ MCP കാർഡിന്റെ കോപ്പി, തിരിച്ചറിയൽ രേഖയുടെ കോപ്പി, ബാങ്ക്/പോസ്റ്റ് ഓഫിസ് അക്കൗണ്ട് പാസ്ബുക്കിന്റെ കോപ്പി, ഗുണഭോക്താവും ഭർത്താവും ചേർന്ന് ഒപ്പുവച്ച സമ്മതപത്രം എന്നിവ ഹാജരാക്കണം.

ഓൺലൈനായും പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി https://pmmvy.wcd.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ലോഗ് ഇൻ ചെയ്യണം. പിന്നാലെ ‘ന്യൂ ബെനിഫിഷ്യറി’ ടാബിൽ ക്ലിക്ക് ചെയ്ത് ഫോം 1എ അഥവാ ബെനിഫിഷ്യറി രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

ഗർഭകാലം പൂർത്തിയായില്ലെങ്കിൽ ?

ഗർഭം രജിസ്റ്റർ ചെയ്ത് ആറ് മാസം പൂർത്തിയാകും മുൻപ് ഗർഭം അലസി പോയാൽ, ആദ്യ ഇൻസ്‌റ്റോൾമെന്റ് ഒഴികെയുള്ള തുക ലഭിക്കുകയില്ല. അടുത്ത ഗർഭകാലത്ത് പിന്നീടുള്ള രണ്ട് ഇൻസ്റ്റോൾമെന്റുകൾ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കായി : PMMVY Helpline Number: 01123382393

Story Highlights: Pradhan Mantri Matru Vandhana Yojna details malayalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here