അയോധ്യക്ക് പിന്നാലെ മഹാരാഷ്ട്രയും പുകയുന്നു; ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചാരാധിക്കുന്ന സൂഫി ദര്‍ഗ ഹിന്ദുക്ഷേത്രമാണെന്നും മോചിപ്പിക്കുമെന്നും ശിവസേന

ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ മഹാരാഷ്ട്രയിലും വിവാദം പുകയുകയാണ്. മഹാരാഷ്ട്രയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് നിയന്ത്രിക്കുന്ന സൂഫി ദര്‍ഗ ഹിന്ദുക്ഷേത്രമാണെന്നും അത് മോചിപ്പിക്കുമെന്നുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ പ്രഖ്യാപനം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിഷയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഷിന്‍ഡെയുടെ പരാമര്‍ശം.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിലാണ് സുഫി ദര്‍ഗ സ്ഥിതി ചെയ്യുന്നത്. ശിവസേന നേതാവ് ആനന്ദ് ദിഗെയാണ് ദര്‍ഗ മോചിപ്പിക്കണമെന്നുള്ള പ്രചാരണത്തിന് ആദ്യം തുടക്കമിട്ടത്. ഷിന്‍ഡയുടെയും ശിവസേനയുടെയും രാഷ്ട്രീയ ഉപദേഷ്ടാവാണ് ആനന്ദ് ദിഗെ.
എ ഡി പന്ത്രണ്ടാം നൂറ്റാണ്ടില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ സൂഫി സന്യാസിയായ ബാബ അബ്ദുര്‍ റഹ്‌മാന് വേണ്ടി സമര്‍പ്പിച്ചതാണ് ഹാജി മലംഗ് ദര്‍ഗ. ഏഴാം നൂറ്റാണ്ടില്‍ മൗര്യ രാജവംശത്തിലെ നളദേവ് രാജാവാണ് ഈ ദര്‍ഗ പണികഴിപ്പിച്ചത്. നളദേവന്‍ രാജാവ് തന്റെ മകളെ സൂഫി സന്യാസിക്ക് വിവാഹം കഴിച്ചു നല്‍കിയെന്ന് ചില ചരിത്രകാരന്മാര്‍ അവകാശപ്പെട്ടിട്ടുണ്ട്. 17-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ കീഴടക്കുന്നതിന് മുമ്പ് ഇത് മറാഠികളുടെ കൈകളിലായിരുന്നു.
ബാബ അബ്ദുര്‍ റഹ്‌മാന്റെ അന്ത്യവിശ്രമസ്ഥലമായി മുസ്ലീം വിശ്വാസികള്‍ ദര്‍ഗയെ കാണുമ്പോള്‍ മചീന്ദ്രനാഥ് സമാധിയായ സ്ഥലമാണിതെന്നാണ് ഹൈന്ദവ വിശ്വാസം. ഉത്സവങ്ങളില്‍ ഇരു സമുദായങ്ങളും അവരവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ദര്‍ഗയില്‍ ഒത്തുകൂടും. ഇതില്‍ നിന്നുണ്ടായ സംഘര്‍ഷങ്ങളും തര്‍ക്കങ്ങളുമാണ് പൊലീസിന്റെ ഇടപെടലിലേക്കും നിയമനടപടികളിലേക്കും നയിച്ചത്.
ദര്‍ഗയെ സൂഫി ആരാധനാലയമായി തന്നെ നിലനിര്‍ത്തണമെന്നാണ് മുസ്ലിം വിശ്വാസികളുടെ ആവശ്യം. ദര്‍ഗ ഹിന്ദുക്ഷേത്രമാക്കണമെന്ന് ശിവസേനയാണ് ആവശ്യപ്പെടുന്നത്. 1996ല്‍ ആനന്ദ് ദിഗെയുടെ നേതൃത്വത്തില്‍, പാര്‍ട്ടി തലവന്‍ ബാല്‍ സാഹെബ് താക്കറെയുടെ പിന്തുണയോടെ ദര്‍ഗയുടെ പേര് ഹാജി മലംഗില്‍ നിന്ന് മലാംഗഡ് എന്നാക്കി മാറ്റി ശിവസേന. ഇന്നും വിവാദങ്ങള്‍ക്കിടയിലും മുസ്ലിങ്ങളും ഹിന്ദുക്കളും ആരാധിക്കുന്ന സ്ഥലമാണ് ദര്‍ഗ.
ദര്‍ഗയുമായി ബന്ധപ്പെട്ട് 1968 ല്‍ സുപ്രിം കോടതിയിലെത്തിയ കേസ് പ്രകാരം രേഖകളില്‍ ഈ സ്ഥലത്ത് ഹാജി അബ്ദുള്‍ റഹ്‌മാന്റെ ശവകുടീരം ഉണ്ടെന്നും മചീന്ദ്രനാഥിന്റെ ശവകുടീരത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നും തെളിയിക്കുന്നു. ഇതാദ്യമായാല്ല ഏക്‌നാഥ് ഷിന്‍ഡെ ദര്‍ഗയ്ക്ക് മേല്‍ അവകാശവാദം സ്ഥാപിക്കുന്നത്. 2023 ഫെബ്രുവരിയില്‍ ദര്‍ഗയില്‍ പ്രവേശിച്ച ഷിന്‍ഡെ കുങ്കുമ നിറത്തിലുള്ള ഷാള്‍ സമര്‍പ്പിക്കുകയും തര്‍ക്ക ഭൂമിയില്‍ ‘ആരതി’ നടത്തുകയും ചെയ്യുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
വിഷയത്തില്‍ ഷിന്‍ഡയ്ക്ക് നേരെ കടുത്ത വിമര്‍ശനമുന്നയിച്ച എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി വിവാദത്തെ അയോധ്യ കേസുമായി ബന്ധപ്പെടുത്തി. ബാബറി വിധിയുടെ നേരിട്ടുള്ള ഫലമാണ് ദര്‍ഗയിലുമുണ്ടാകുന്നതെന്നും ഇത്തരം വിധികള്‍ ഇപ്പോള്‍ ഷിന്‍ഡെ നടത്തുന്ന തരത്തിലുള്ള പ്രവൃത്തികള്‍ക്ക് ധൈര്യം നല്‍കുമെന്നും ഒവൈസി പറഞ്ഞു. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തവര്‍ക്ക് മുസ്ലീം ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നതില്‍ ലജ്ജ തോന്നുന്നില്ലെന്നും ഒവൈസി പറഞ്ഞു.
അതേസമയം ദര്‍ഗയുടെ പരിസരത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നാണ് ഹാജി മലംഗ് ദര്‍ഗ ട്രസ്റ്റ് ചെയര്‍മാന്‍ വ്യക്തമാക്കുന്നത്. പേഷ്വാകളും ബ്രിട്ടീഷുകാരും തമ്മിലുള്ള യുദ്ധത്തില്‍ പേഷ്വാമാര്‍ ബാബ മലംഗിന്റെ അനുഗ്രഹം തേടിയെന്നും നേര്‍ച്ച നേര്‍ന്ന് വിജയിച്ചുവെന്നും നന്ദിസൂചകമായി ബാബ മലംഗിന് സ്വര്‍ണ്ണവും വെള്ളിയും സമ്മാനിച്ചുവെന്നും ചെയര്‍മാന്‍ നസീര്‍ ഖാന്‍ പറഞ്ഞു. ഇത് തെളിയിക്കുന്ന പേഷ്വാ കാലഘട്ടത്തിലെ സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Dispute over Sufi Dargah Maharashtra govt to liberate is as a temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here