‘കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് വ്യക്തമായി’; ബിൽക്കിസ് ബാനോ വിധിയിൽ രാഹുൽ ഗാന്ധി

ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ. നീതിയുടെ വിജയമെന്ന് പ്രതികരണം. ഇന്നത്തെ സുപ്രീം കോടതി വിധിയോടെ കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് രാഷ്ട്രത്തിന് മനസ്സിലായെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ‘നീതിയെ കൊല്ലുന്ന’ പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടകരമാണ്. ‘കുറ്റവാളികളുടെ രക്ഷാധികാരി’ ആരെന്ന് സുപ്രീം കോടതി വിധിയോടെ വീണ്ടും രാജ്യത്തിന് മനസിലായി. ബിൽക്കിസ് ബാനോയുടെ അശ്രാന്തമായ പോരാട്ടം അഹങ്കാരികളായ ബിജെപി സർക്കാരിനെതിരായ നീതിയുടെ വിജയത്തിന്റെ പ്രതീകമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
ഒടുവിൽ നീതി വിജയിച്ചുവെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ‘ഈ ഉത്തരവോടെ ഭാരതീയ ജനതാ പാർട്ടിയുടെ സ്ത്രീവിരുദ്ധ നയങ്ങൾക്കുള്ള മൂടുപടം നീങ്ങി. ഇതോടെ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം കൂടുതൽ ദൃഢമാകും. ബിൽക്കിസ് ബാനോയുടെ പോരാട്ടം ധീരമായി തുടരുന്നതിന് അഭിനന്ദനങ്ങൾ’- പ്രിയങ്ക ട്വീറ്റ് ചെയ്തു.
സ്ത്രീകളോടുള്ള ബിജെപിയുടെ കടുത്ത അവഗണനയാണ് സുപ്രീം കോടതി വിധി തുറന്നുകാട്ടുന്നതെന്ന് കോൺഗ്രസിന്റെ മാധ്യമ, പബ്ലിസിറ്റി മേധാവി പവൻ ഖേര പറഞ്ഞു. ‘കുറ്റവാളികളെ നിയമവിരുദ്ധമായി മോചിപ്പിക്കാൻ സൗകര്യമൊരുക്കിയവരുടെയും, പ്രതികളെ ഹാരമണിയിക്കുകയും മധുരപലഹാരങ്ങൾ നൽകി സ്വീകരിച്ചവരുടെയും മുഖത്തേറ്റ അടിയാണിത്’-പവൻ ഖേര അഭിപ്രായപ്പെട്ടു. ഇരയുടെയോ കുറ്റവാളിയുടെയോ മതവും ജാതിയും നോക്കി നീതി നടപ്പാക്കാൻ ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Bilkis Bano case order reveals ‘custodian of criminals’: Rahul Gandhi targets BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here