നാല് വയസുള്ള മകനെ കൊന്ന് ബാഗിലാക്കി; ബംഗളൂരുവിൽ സ്റ്റാർട്ടപ്പ് സിഇഒ ആയ യുവതി അറസ്റ്റിൽ
ഗോവയിൽ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ സ്റ്റാർട്ടപ്പ് സിഇഒ ആയ യുവതി അറസ്റ്റിൽ. ബംഗളൂരു സ്വദേശിനി സുചന സേത്ത് (39) ആണ് അറസ്റ്റിലായത്. ഗോവയിലെ ഒരു സർവീസ് അപ്പാർട്ട്‌മെന്റിൽ വച്ച് നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. ബാഗുമായി ടാക്സി കാറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്.(Bengaluru startup CEO killed 4-year-old son and body stuffed in bag)
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതിയായ യുവതി ഭർത്താവുമായി അകൽച്ചയിലാണെന്ന് മൊഴി നൽകിയെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച യുവതി ഗോവയിലെ ഒരു ആഡംബര ഹോട്ടലിൽ എത്തിയിരുന്നു. ശനിയാഴ്ച രാവിലെ ചെക്ക് ഇൻ ചെയ്ത യുവതി തിങ്കളാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്തു. എന്നാൽ തിരികെ പോകുന്ന സമയം യുവതിക്കൊപ്പം കുട്ടി ഉണ്ടായിരുന്നില്ലെന്ന് ഹോട്ടൽ അധികൃതർ ശ്രദ്ധിച്ചു.
യുവതി ചെക്ക് ഔട്ട് ചെയ്തതോടെ ഹൗസ് കീപ്പിംഗ് സ്റ്റാഫിലെ ജീവനക്കാരിലൊരാൾ അപ്പാർട്ട്മെന്റ് വൃത്തിയാക്കാനെത്തി. ഈ സമയം തറയിൽ രക്തക്കറകൾ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം മാനേജരെ അറിയിച്ചത്. ഹോട്ടൽ മാനേജ്‌മെന്റ് ഗോവ പൊലീസുമായി ബന്ധപ്പെട്ടു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതി മകനില്ലാതെ ഹോട്ടൽ വിട്ട് ബാഗുമായി പോകുന്നത് കണ്ടു.തനിക്ക് ബംളൂരുവിലേക്ക് കൊണ്ടുപോകാൻ ഒരു ക്യാബ് ഏർപ്പാടാക്കാൻ റിസപ്ഷനിസ്റ്റിനോട് യുവതി ആവശ്യപ്പെട്ടിരുന്നു. ഈ വിവരം ജീവനക്കാർ മൊഴിയായി നൽകി. ക്യാബിന് ചിലവ് കൂടുതലായിരിക്കുമെന്നും വിമാനടിക്കറ്റ് നോക്കാമെന്നും റിസപ്ഷനിസ്റ്റ് പറഞ്ഞെങ്കിലും ക്യാബ് വേണമെന്ന് യുവതി നിർബന്ധിച്ചു. ക്യാബിന്റെ വിവരം ശേഖരിച്ച പൊലീസ് ഡ്രൈവറെ ബന്ധപ്പെട്ട് യുവതിയുമായി അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് രഹസ്യമായി എത്താൻ ആവശ്യപ്പെട്ടു.
Read Also : റീൽസ് നിർമിക്കാൻ അനുവദിച്ചില്ല; കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊലപ്പെടുത്തി
ചിത്രദുർഗയിലെ പൊലീസ് സ്‌റ്റേഷനിലേക്ക് ക്യാബ് ഡ്രൈവർ യുവതിയെ എത്തിച്ചു. പരിശോധനയിൽ പൊലീസ് കുട്ടിയുടെ മൃതദേഹം ബാഗിൽ നിറച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ അറസ്റ്റും രേഖപ്പെടുത്തി.
Story Highlights: Bengaluru startup CEO killed 4-year-old son and body stuffed in bag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here