രാമക്ഷേത്രം പണിയുക എന്നത് ഹിന്ദുക്കളുടെ വികാരമാണ്, എന്തിന് മതവിദ്വേഷം കാണുന്നു; വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ രാമക്ഷേത്ര ചടങ്ങ്, എന്തിനു മതവിദ്വേഷം കാണുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. രാമക്ഷേത്രം പണിയുക എന്നത് ഹിന്ദുക്കളുടെ വികാരമാണ്. രാഷ്ട്രീയ തീരുമാനങ്ങൾ വോട്ടിനു വേണ്ടിയാണ്. ആ വികാരം മലവെള്ളച്ചാട്ടം പോലെ കുത്തി ഒലിച്ചെത്തും. അതിനെതിരെ നിൽക്കുന്ന ഏത് ശക്തികളും ആ മലവെള്ളച്ചാട്ടത്തിൽ ഒഴുകിപ്പോകും.
രാമക്ഷേത്രത്തിന് പോകേണ്ട എന്ന് എന്തുകൊണ്ടാണ് കോൺഗ്രസ് തീരുമാനിച്ചത്. ആ തീരുമാനമെടുക്കാൻ പോലും അവർ വൈകി. സിപിഐഎം വളരെ നേരത്തെ തീരുമാനമെടുത്തിരുന്നു. ആര് എതിർത്താലും ഹിന്ദുക്കളിൽ ആ വികാരമുണ്ട്. അതിന് എതിരായി ആര് നിൽക്കുന്നതും ശരിയല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് ഗുരുദർശനത്തിന് എതിരെന്ന് ശ്രീനാരായണ മാനവധർമം ട്രസ്റ്റ് വ്യക്തമാക്കി. സംഘ്പരിവാർ അജണ്ട അനുസരിച്ച് ശ്രീനാരായണധർമ്മത്തെ വളച്ചൊടിക്കാനും സമുദായത്തെ വഴിതെറ്റിക്കാനുമാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ഇതിനെതിരെ ഈഴവ സമുദായത്തിനകത്തുതന്നെ ശക്തമായ പ്രതിഷേധമുണ്ടെന്ന് ശ്രീനാരായണ മാനവധർമം ട്രസ്റ്റ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ഓരോ ഭാരതീയന്‍റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം പറഞ്ഞത്. അയോധ്യയിൽ പൂജിച്ച അക്ഷതം ആർ.എസ്.എസ് പ്രാന്തീയകാര്യകാരി സദസ്യൻ എ.ആർ. മോഹനിൽനിന്ന് ഭാര്യ പ്രീതി നടേശനൊപ്പം ഏറ്റുവാങ്ങിയശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.
Story Highlights: Vellappally Natesan About Ayodhya Ram temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here