മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ കോൺഗ്രസ് വിട്ടു; ശിവസേന- ഷിൻഡെ വിഭാഗത്തിലേക്കെന്ന് സൂചന

മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദിയോറ കോൺഗ്രസ് വിട്ടു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി മിലിന്ദ് ദിയോറ എക്‌സിലൂടെ പ്രഖ്യാപിച്ചു. രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായ ഒരു അധ്യായത്തിന് ഇന്ന് സമാപനമായെന്നും 55 വർഷം നീണ്ട കോൺഗ്രസ് ജീവിതം അവസാനിപ്പിക്കുന്നവെന്നുമാണ് പ്രഖ്യാപനം. മിലിന്ദ് ദിയോറ ശിവസേന ഷിൻഡെ വിഭാഗത്തിലേക്കാണെന്നാണ് റിപ്പോർട്ടുകൾ.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ ദക്ഷിണമുംബൈ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് പാർട്ടിയുടെ മുൻ മുംബൈ പ്രസിഡന്റുകൂടിയായിരുന്ന മിലിന്ദ് ദിയോറയെ മാറി ചിന്തിപ്പിച്ചതെന്നാണ് വിവരം. ശിവസേന ഏക്‌നാഥ് ഷിൻഡെ പക്ഷത്തേക്കാണ് ദിയോറ മാറുന്നതെന്നാണ് വിവരം. ഒട്ടേറെത്തവണ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദിയോറയുടെ മകനാണ് 47- കാരനായ മിലിന്ദ് ദിയോറ.
ഇന്ത്യാസംഖ്യത്തിന്റെ സീറ്റ് വിഭജനചർച്ചയ്ക്ക് മുന്നോടിയായി ഈ സീറ്റ് വിട്ടുതരില്ലെന്ന് ശിവസേന ഉദ്ധവ് പക്ഷം വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ മിലിന്ദ് ദിയോറയും പ്രതികരിച്ചു. എന്നാൽ, സഖ്യചർച്ചയിൽ സീറ്റ് ശിവസേനയ്ക്ക് നൽകാൻ ധാരണയായതാണ് മിലിന്ദ് പാർട്ടിവിടാൻ കാരണമെന്നാണ് സൂചന.
Story Highlights: Milind Deora resigns from Congress, Ending my family’s 55-year relationship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here