രാമക്ഷേത്രം രാഷ്ട്രീയവൽക്കരിച്ചു; ഇത് ഇന്ത്യയെ ഒന്നിപ്പിപ്പിക്കില്ല, പകരം വിഭജിക്കും; സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി
അയോധ്യ രാമക്ഷേത്രം രാഷ്ട്രീയവത്ക്കരിച്ചുവെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ചടങ്ങിൽ നാല് ശങ്കരാചാര്യന്മാരിൽ ആരും പങ്കെടുക്കില്ലെന്നും അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു. മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം.
ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് പ്രാണപ്രതിഷ്ഠ നടത്തുന്നത് ധർമ്മശാസ്ത്രത്തിന് വിരുദ്ധമാണെന്നാണ് ശങ്കരാചാര്യ സ്വാമികളുടെ വാദം. താൻ മോദി വിരുദ്ധനല്ല. എന്നാൽ രാമക്ഷേത്ര നിർമ്മാണവും പ്രാണപ്രതിഷ്ഠയെ ചുറ്റിപ്പറ്റിയുള്ള പ്രചാരണങ്ങളും ക്ഷേത്രത്തെ രാഷ്ട്രീയവൽക്കരിച്ചു. പുരിയിലെ ശങ്കരാചാര്യരുടെ അഭിപ്രായങ്ങളോട് താൻ പൂർണമായും യോജിക്കുന്നു. ‘രാഷ്ട്രീയക്കാർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. മതപരവും ആത്മീയവുമായ മേഖലകളിലെ നിയമങ്ങളും നിയന്ത്രണങ്ങളും അവർ പാലിക്കണം. രാഷ്ട്രീയക്കാർ എല്ലാ മേഖലകളിലും ഇടപെടുന്നത് ഭ്രാന്താണ്…ദൈവത്തിനെതിരായ കലാപമാണ്.’ അവിമുക്തേശ്വരാനന്ദ് സരസ്വതി വ്യക്തമാക്കി.
രാമക്ഷേത്രത്തിന്റെ രാഷ്ട്രീയവൽക്കരണം ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനുപകരം ഇന്ത്യയെ വിഭജിക്കുകയാണെന്നും ഹിന്ദുക്കൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുമെന്നും തനിക്ക് ആശങ്കയുണ്ടെന്ന് സ്വാമി കൂട്ടിച്ചേർത്തു.
22ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരി ഗോവർധന മഠാധിപതി ശങ്കരാചാര്യ, നിശ്ചലാനന്ദ സരസ്വതി എന്നിവരും അറിയിച്ചിരുന്നു. ചടങ്ങ് സനാതന ധർമത്തിന് എതിരാണെന്ന് പറഞ്ഞ് വിട്ട് നിൽക്കാനാണ് ശങ്കരാചാര്യന്മാരുടെ തീരുമാനം. 4000 പുരോഹിതന്മാർക്കാണ് രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ഉള്ളത്.
Story Highlights: Avimukteshwaranand Saraswati says Ayodhya Ram temple will Divide India Not Unite
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here