വ്യാജ കൊറിയർ തട്ടിപ്പ്; മുതിർന്ന മാധ്യമപ്രവർത്തകയ്ക്ക് നഷ്ടമായത് 1.2 കോടി

വ്യാജ കൊറിയർ തട്ടിപ്പിൽ മുതിർന്ന മാധ്യമപ്രവർത്തകയ്ക്ക് നഷ്ടമായത് 1.2 കോടി രൂപ. ഫെഡ്എക്സ് കൊറിയർ തട്ടിപ്പിലാണ് ബെംഗളൂരുവിൽ 70കാരിയായ മാധ്യമപ്രവർത്തകയ്ക്ക് പണം നഷ്ടമായത്. തട്ടിയെടുത്ത പണം കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പല അക്കൗണ്ടുകളിലേക്ക് തട്ടിപ്പുകാർ മാറ്റിയെന്ന് പൊലീസ് അറിയിച്ചു. തട്ടിയ പണത്തിൽ 37 ലക്ഷം രൂപ വീണ്ടെടുക്കാൻ സാധിച്ചു എന്നും ബെംഗളൂരു പൊലീസ് പറഞ്ഞു. (journalist lost courier scam)
ഫെഡ്എക്സ് വഴി നിരോധിത ഉത്പന്നങ്ങൾ കടത്തിയെന്നാരോപിച്ചാണ് തട്ടിപ്പ് നടത്തിയത്. കൊറിയർ ജീവനക്കാരൻ, അന്വേഷണ ഉദ്യോഗസ്ഥൻ തുടങ്ങി വിവിധ വേഷങ്ങളിൽ മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. പാഴ്സലിൽ എംഡിഎംഎ ആണെന്നും കേസിൽ നിന്ന് രക്ഷപ്പെടുത്തണമെങ്കിൽ റിസർവ് ബാങ്കിൽ സെക്യൂരിറ്റിയായി പണം അടയ്ക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഭീഷണി.
അന്വേഷണ ഉദ്യോഗസ്ഥർ എന്ന വ്യാജേന ഡിസംബർ 15ന് ഇവർക്ക് വാട്സപ്പിൽ ഒരു കോൾ ലഭിച്ചു. അജ്ഞാത നമ്പറിൽ നിന്നായിരുന്നു കോൾ. താങ്കളുടെ പേരിൽ വന്ന പാർസലിൽ 240 ഗ്രാം എംഡിഎംഎയും പാസ്‌പോർട്ടും ക്രെഡിറ്റ് കാർഡും കണ്ടെത്തിയെന്ന് തട്ടിപ്പുകാരൻ മാധ്യമപ്രവർത്തകയെ അറിയിച്ചു. മുംബൈയിൽ നിന്ന് തയ്‌വാനിലേക്കയച്ച പാഴ്സലാണ് ഇതെന്നും അയാൾ പറഞ്ഞു. താങ്കൾ ഡിജിറ്റൽ അറസ്റ്റിലാണെന്നും ഇയാൾ അറിയിച്ചു. താൻ പാഴ്സൽ അയച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തക പറഞ്ഞെങ്കിലും പാർസൽ അയക്കാൻ ഉപയോഗിച്ചത് താങ്കളുടെ ആധാർ ആധാർ കാർഡ് ആണെന്നും അതുകൊണ്ട് താങ്കൾക്കെതിരെ കേസെടുത്തു എന്നും തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചു എന്നും ഇയാൾ ഭീഷണി മുഴക്കി.
തുടർന്ന് മൊബൈലിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് റിസർവ് ബാങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് അയക്കാൻ തട്ടിപ്പുകാർ നിർദ്ദേശിച്ചു. വെരിഫിക്കേഷൻ പൂർത്തിയായാൽ പണം തിരികെനൽകാമെന്നും തട്ടിപ്പുകാർ വാഗ്ധാനം ചെയ്തു. തുടർന്നാണ് തട്ടിപ്പ് നടന്നത്. ഡിസംബർ 15 മുതൽ 23 വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്. പണം ലഭിച്ചയുടൻ കേരളം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെയും ദുബായ് ഉൾപ്പെടെ രാജ്യങ്ങളിലും വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി.
Story Highlights: Bengaluru journalist lost 1.2 crore courier scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here