‘ടി20 ലോകകപ്പ് ടീമിൽ ഹാർദിക്കും ദുബെയും വേണം’; മുൻ ഇന്ത്യൻ താരം
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർമാരായ ശിവം ദുബെയെയും ഹാർദിക് പാണ്ഡ്യയെയും ഉൾപ്പെടുത്തണമെന്ന് മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ദുബെയുടെ ആക്രമണ ശൈലി മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗിനെ ഓർമ്മിപ്പിക്കുന്നു. താരത്തെ ലോവർ ഓർഡറിൽ കളിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘അഫ്ഗാനിസ്ഥാനെതിരായ മൂന്നാം മത്സരത്തിൽ ദുബെയെ അൽപ്പം നേരത്തെ അയച്ചതായി തോന്നി. സഞ്ജു സാംസണെയോ റിങ്കു സിങ്ങിനെയോ അയയ്ക്കാമായിരുന്നു. കാരണം ശിവം ഒരു ഗ്രാഫ്റ്ററല്ല, ആക്രമണകാരിയാണ്. അവൻ യുവിയെ (യുവരാജ് സിംഗ്) ഓർമ്മിപ്പിക്കുന്നു. ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തി, ലോവർ ഓർഡറിൽ കളിപ്പിക്കണം’ – ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
‘ആദ്യ രണ്ട് മത്സരങ്ങളിലും സിക്സറുകൾ പറത്തിയ രീതിയിൽ നിന്ന് അവൻ്റെ കരുത്ത് പ്രകടമായിരുന്നു. ഹാർദിക്കിനെ ഒഴിവാക്കി ദുബെയെ തെരഞ്ഞെടുക്കണമെന്ന് ചിലർ പറയുന്നുണ്ട്. ടി20 ലോകകപ്പ് ടീമിൽ ഹാർദിക്കും ദുബെയും ഉണ്ടായിരിക്കണമെന്ന കാര്യത്തിൽ സംശയമില്ല. രണ്ടു പേരും ടീം വേണമെന്നാണ് ഞാൻ പറയുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളെ അടിസ്ഥാനമാക്കി ശിവം ദുബെ ഒരു യഥാർത്ഥ മത്സരാർത്ഥിയാണ്. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഇരട്ടി മധുരമാവും’- ചോപ്ര.
2023 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ കളിക്കുന്നതിനിടെ കണങ്കാലിന് പരിക്കേറ്റ പാണ്ഡ്യ നിലവിൽ ഇന്ത്യൻ ടീമിന് പുറത്താണ്.
Story Highlights: Ex-India Star On Potential Selection Dilemma For T20 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here