Advertisement

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളി അതിക്രമിച്ച് കാവിക്കൊടി നാട്ടിയതായി പരാതി; ദൃശ്യങ്ങൾ വൈറൽ

January 22, 2024
7 minutes Read
Trespassing Christian church and planting saffron flag in Madhya Pradesh

അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളി അതിക്രമിച്ച് കാവിക്കൊടി നാട്ടിയതായി പരാതി. ജയ്ശ്രീരാം വിളിച്ചെത്തിയ ഒരു സംഘമാളുകൾ പള്ളിയിലെ കുരിശിന് മുകളിൽ കാവിക്കൊടി നാട്ടുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ദി ക്വിന്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.(Trespassing Christian church and planting saffron flag in Madhya Pradesh)

മധ്യപ്രദേശിലെ ജാബുവയിലാണ് സംഭവം. സോഷ്യൽ മിഡിയയിൽ വൈറലായ വിഡിയോയിൽ ഒരു കൂട്ടമാളുകൾ പള്ളിയിലേക്ക് അതിക്രമിച്ചുകയറുന്നത് കാണാം. ഞായറാഴ്ച പ്രാർത്ഥന കഴിഞ്ഞ് വിശ്വാസികൾ മടങ്ങിയ ഉടൻ തന്നെ ആർത്തെത്തിയ കാവിക്കൊടികൾ പിടിച്ച സംഘം പള്ളിയുടെ മുകളിൽ അതിക്രമിച്ചുകയറി കുരിശിന് മുകളിൽ കാവിക്കൊടി നാട്ടി. പതാകയിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചിത്രവും ജയ്ശ്രീരാം എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

ജാബുവ ജില്ലയിലെ റാണാപൂരിലെ ദബ്തലായി ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ജയ്ശ്രീരാം എന്ന് ഉറക്കെ വിളിച്ചാണ് സംഘമെത്തിയതെന്ന് പള്ളിയിലെ പാസ്റ്റര് നർബു അമലിയാർ ദി ക്വിന്റിനോട് പ്രതികരിച്ചു. അവർ ഇരുപത്തഞ്ചോളം ആളുകളുണ്ടായിരുന്നു. അവരിൽ ചിലരാണ് പള്ളിക്ക് മുകളിൽ കയറിയത്. അയൽഗ്രാമത്തിൽ നിന്നുള്ളവരാണ് എത്തിയതെന്ന് പാസ്റ്റർ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരിൽ ചിലരുടെ പേരുകൾ പോലും തനിക്കറിയാം. പള്ളിയിലേക്ക് അതിക്രമിച്ച് കടന്നപ്പോൾ തന്നെ ഇത് ചെയ്യുന്നത് ശരിയെല്ലെന്നും ഞങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ഞാനവരോട് പറഞ്ഞതാണ്. എന്നാൽ അതൊന്നും കേൾക്കാൻ അവർ തയ്യാറായില്ല. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസിലായില്ലെന്നും ആദ്യമായാണ് ഇത്തരമൊരു പ്രവൃത്തി ഇവിടെ നടക്കുന്നതെന്നും അമലിയാർ പ്രതികരിച്ചു.

അതേസമയം സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ജാബുവ പൊലീസ് സൂപ്രണ്ട് ദി ക്വിന്റിനോട് പറഞ്ഞു. സംഭവമറിഞ്ഞതോടെ സ്ഥലം സന്ദർശിച്ചു. എന്നാൽ അതൊരു പള്ളിയല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതൊരു സ്വകാര്യ വ്യക്തിയുടെ വീടാണ്. പ്രാർത്ഥനയ്ക്കായി അവരുപയോഗിക്കുന്നുവെന്ന് മാത്രം. ആ വ്യക്തിക്ക് പരാതിപ്പെടാൻ താത്പര്യമില്ലെന്നും അതിനാലാണ് കേസെടുക്കാത്തതെന്നുമാണ് പൊലീസ് വാദം.

എന്നാൽ പൊലീസ് വാദത്തെ പള്ളി അധികൃതർ പൂർണമായും തള്ളിക്കളഞ്ഞു. ഇത് തന്റെ വീടല്ലെന്നും 2016ൽ തുടങ്ങിയ പള്ളിയാണെന്നും അമലിയാർ പറഞ്ഞു. എല്ലാ ഞായറാഴ്ചകളിലും 40ലധികം ആളുകൾ ഇവിടെ പ്രാർത്ഥനയ്‌ക്കെത്താറുണ്ട്. ഇതൊരു ആരാധനാലയമാണെന്ന് അമലിയാർ ആവർത്തിച്ചു. ചില ആളുകൾ തങ്ങളെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫോൺ ചെയ്‌തെന്നും ക്ഷമാപണം നടത്തിയെന്നും പാസ്റ്റർ പറഞ്ഞു. അതുകൊണ്ട് പൊലീസിൽ പരാതിപ്പെടണോ എന്ന് തീരുമാനിച്ചിട്ടില്ല. ഗ്രാമത്തിലെ സർപഞ്ചുമായി വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും അമലിയാർ കൂട്ടിച്ചേർത്തു.

Read Also : ക്ഷേത്രദർശനത്തിനെത്തിയ രാഹുലിനെ തടഞ്ഞ് പൊലീസ്; എന്ത് കുറ്റം ചെയ്തുവെന്ന് കോൺഗ്രസ് നേതാവ്

അതേസമയം കഴിഞ്ഞ ദിവസം, രാജ്യത്തുിൻെറ പലയിടങ്ങളിലായി ഏറ്റുമുട്ടുകൾ നടന്നു. മഹാരാഷ്ട്രയിൽ ആർഎസ്എസ് ഘോഷയാത്രയ്ക്കിടെ വിവിധ മതങ്ങളിൽ പെട്ട ഗ്രൂപ്പുകൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ.ആരാധനാലയത്തിന് സമീപം ചിലർ മുദ്രാവാക്യം വിളിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നാണ് പൊലീസ് നൽകുന്ന റിപ്പോർട്ട്. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ നിന്ന് വമറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തു. ഖേരാലുവിൽ മതപരമായ ഘോഷയാത്രയ്ക്കിടെ രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായി.കണ്ണീർവാതകം പ്രയോ​ഗിച്ചാണ് ഒടുവിൽ പ്രതിഷേധക്കാരെ പൊലീസ് നിയന്ത്രിച്ചത്.

Story Highlights: Trespassing Christian church and planting saffron flag in Madhya Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top