രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനനം; മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഈ വാർത്ത പുറത്തുവരുന്നത്.
തിങ്കളാഴ്ചയാണ് ജില്ലാ വനിതാ ആശുപത്രിയിൽ ഫർസാന എന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്ന ബാനു ‘റാം റഹീം’ എന്ന പേര് നൽകുകയായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നൽകാനാണ് ഈ പേരിട്ടതെന്ന് മുത്തശ്ശി. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോ. നവീൻ ജെയിൻ പറഞ്ഞു.
കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയൽ മെഡിക്കൽ കോളജിൽ തിങ്കളാഴ്ച ജനിച്ച 25 നവജാത ശിശുക്കളിൽ പലർക്കും രാമനുമായി ബന്ധപ്പെട്ട പേരുകളാണ് മാതാപിതാക്കൾ നൽകിയതെന്ന് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സീമ ദ്വിവേദി. 25 ശിശുക്കളിൽ 10 പേർ പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമാണ്.
രാഘവ്, രാഘവേന്ദ്ര, രഘു, രാമേന്ദ്ര എന്നിങ്ങനെ രാമന്റെ പര്യായങ്ങൾ ഉപയോഗിച്ച് അമ്മമാർ കുഞ്ഞുങ്ങൾക്ക് പേരിട്ടു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമ്പോൾ സിസേറിയൻ ചെയ്യണമെന്ന് നിരവധി ഗർഭിണികൾ അഭ്യർത്ഥിച്ചതായും ദ്വിവേദി. ഉത്തർപ്രദേശിലെ വിവിധ ആശുപത്രികളിൽ ജനിച്ച മിക്ക കുട്ടികൾക്കും അവരുടെ മാതാപിതാക്കൾ ശ്രീരാമന്റെയോ സീതാദേവിയുടെയോ പേരുകളാണ് നൽകിയിരിക്കുന്നത്.
Story Highlights: Born on Ram temple inauguration day; Muslim boy named ‘Ram Rahim’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here