അണ്ടർ 19 ലോകകപ്പ്: മുഷീർ ഖാന് സെഞ്ചുറി; അയർലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ

അണ്ടർ 19 ലോകകപ്പിൽ അയർലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 301 റൺസാണ് നേടിയത്. 118 റൺസ് നേടിയ മുഷീർ ഖാൻ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ ഉദയ് സഹാറനും (75) തിളങ്ങി. അയർലൻഡിനായി ഒലിവർ റൈലി മൂന്ന് വിക്കറ്റ് വീഴ്ത്തി. (u19 wc india ireland)
ഇന്ത്യൻ ഓപ്പണർമാരെ ക്രീസിൽ തളച്ചിടുന്ന രീതിയിലാണ് അയർലൻഡ് ബൗളർമാർ ആദ്യ ഘട്ടത്തിൽ പന്തെറിഞ്ഞത്. ലൂസ് ഡെലിവറികൾ നൽകാതെയും ഫീൽഡിൽ മികച്ചുനിന്നും അയർലൻഡ് ഇന്ത്യയെ പരീക്ഷിച്ചു. 17 റൺസ് നേടിയ ആദർശ് സിംഗിനെ പുറത്താക്കി ജോൺ മക്നല്ലിയാണ് അയർലൻഡിന് ബ്രേക്ക് ത്രൂ നൽകിയത്. മൂന്നാം നമ്പറിലെത്തിയ മുഷീർ ഖാൻ പോസിറ്റീവായി തുടങ്ങി. എങ്കിലും അയർലൻഡ് മികച്ച രീതിയിൽ തന്നെ പന്തെറിഞ്ഞു.
Read Also: ടി-20 മോഡിൽ യശസ്വി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ
മൂന്നാം വിക്കറ്റിൽ മുഷീർ ഖാനും ഉദയ് സഹാറനും ചേർന്ന കൂട്ടുകെട്ട് അനായാസം സ്കോർ മുന്നോട്ടുനീക്കി. ഇരുവരും മിനിമൽ റിസ്കുകളെടുത്ത് സ്കോറിംഗ് വേഗത്തിലാക്കി. 66 പന്തിൽ മുഷീറും 64 പന്തിൽ സഹാറനും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ മുഷീർ ആക്രമണ മോഡിലേക്ക് കടന്നു. സഹാറനും ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തി. 156 റൺസ് നീണ്ട കൂട്ടുകെട്ട് 45ആം ഓവറിൽ തകർന്നു. 75 റൺസ് നേടിയ സഹാറനെ ഫിൻ ലട്ടൻ മടക്കി അയച്ചു. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെയാണ് താരം മടങ്ങിയത്. ആരവല്ലി അവനീഷ് (13 പന്തിൽ 22), സച്ചിൻ ദാസ് (9 പന്തിൽ 21) എന്നിവർ അവസാനത്തിൽ നടത്തിയ കൂറ്റനടികൾ ഇന്ത്യയെ 300 കടത്തി. 48ആം ഓവറിൽ മുഷീർ ഖാൻ മടങ്ങി. 106 പന്തിൽ 9 ബൗണ്ടറിയും നാല് സിക്സറും സഹിതം 118 റൺസ് നേടിയാണ് മുഷീർ പുറത്തായത്. അവസാന ഓവറിലെ അവസാനത്തെ രണ്ട് പന്തിലും ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി. സച്ചിൻ ദാസ് പുറത്താവാതെ നിന്നു.
Story Highlights: u19 wc india innings ireland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here