Advertisement

‘കാല്‍ നൂറ്റാണ്ടിനിപ്പുറവും മമ്മൂട്ടി അവിടെത്തന്നെ’; മമ്മൂട്ടിക്ക് പത്മപുരസ്‌കാരം നല്‍കാത്തതിനെതിരെ വി ഡി സതീശന്‍

January 28, 2024
2 minutes Read
VD Satheesan against not giving Padma award to Mammootty

നടന്‍ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ നല്‍കാത്തതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പത്മ പുരസ്‌കാരങ്ങള്‍ പല പ്രതിഭാശാലികളില്‍ നിന്നും അകന്നുനില്‍ക്കുകയാണ്. ഏറ്റവും അര്‍ഹതപ്പെട്ട കൈകളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്രശോഭ കൈവരുന്നതെന്നും വി ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ടി.പത്മനാഭന്‍, സാനു മാഷ്, സി.രാധാകൃഷ്ണന്‍, സാറാ ജോസഫ്, സജിതാ ശങ്കര്‍, സുജാതാ മോഹന്‍,എം.എന്‍ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപന്‍ ശിവരാമന്‍, ഡോ. വി.എസ്. വിജയന്‍ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില്‍ നിന്ന് ഇപ്പോഴും അകന്ന് നില്‍ക്കുകയാണ് പത്മ പുരസ്‌കാരങ്ങള്‍. പ്രവര്‍ത്തന മേഖലകളില്‍ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

‘ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍, മിഥുന്‍ ചക്രവര്‍ത്തിക്ക് പത്മഭൂഷണ്‍ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചപ്പോള്‍ ആദ്യം ഓര്‍ത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ല.

Read Also : 2024ലെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മൂന്ന് മലയാളികള്‍ക്ക് പത്മശ്രീ

പി.ഭാസ്‌കരന്‍ മാഷിന്റെയും ഒ.എന്‍.വിയുടേയും സമകാലികനാണ് ശ്രീകുമാരന്‍ തമ്പി. പത്മ പുരസ്‌ക്കാരത്തിന് എന്നേ അര്‍ഹന്‍. എന്താണ് പുരസ്‌കാര പട്ടികയില്‍ ആ പേരില്ലാത്തത്? രാജ്യം നല്‍കുന്ന ആദരമാണ് പത്മ പുരസ്‌കാരങ്ങള്‍. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കല്‍പ്പത്തെ കൂടുതല്‍ ഉജ്വലമാക്കുന്നതാവണം രാജ്യം നല്‍കുന്ന ആദരം. എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍’. വി ഡി സതീശന്‍ പോസ്റ്റ് ചെയ്തു.

Story Highlights: VD Satheesan against not giving Padma award to Mammootty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top