സാദിഖലി തങ്ങൾ സംസാരിക്കുന്നത് RSS ഭാഷയിൽ; INL സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ

ബാബറി മസ്ജിദ് തകർത്ത സ്ഥാനത്ത് സംഘ പരിവാർ കെട്ടിപ്പടുത്ത രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആർ എസ് എസ് ഭാഷ്യം കടമെടുത്തതാണെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. അയോധ്യയിൽ രാമക്ഷേത്രം പണിത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി ജെ പി യുടെ ദുഷ്ടലാക്കിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കാത്ത സാദിഖലിയുടെ വിവരക്കേടുകളുടെ വിളംബരം അണികളെ പ്രകാേപിതരാക്കിയതിൽ അൽഭുതപ്പെടാനില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
സംസ്ഥാന പ്രസിഡന്റിനെതിരെ ലീഗ് അണികൾ തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല. രാജ്യമൊട്ടുക്കുമുള്ള പള്ളികളുടെ മേൽ അവകാശ വാദം ഉന്നയിച്ച് വർഗ്ഗീയത ആളിക്കത്തിക്കാൻ സംഘ പരിവാർ കച്ചകെട്ടി ഇറങ്ങിയ ഒരു ഘട്ടത്തിൽ ലീഗ് അധ്യക്ഷൻ ന്യൂനപക്ഷങ്ങളെ ബലി കൊടുക്കാൻ ഒരുങ്ങിയതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ രാമ ക്ഷേത്ര പ്രകീർത്തനം. ആർ എസ് എസിനെ തൃപ്തിപ്പെടുത്താനുള്ള സ്വാദിഖലിയുടെ ശ്രമത്തോട് മുസ്ലിം ലീഗിലെ മറ്റു നേതാക്കൾ യോജിക്കുന്നുണ്ടോ എന്നറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും, വിഷയത്തിൽ പ്രബുദ്ധ കേരളം ഉചിതമായി പ്രതികരിക്കുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യം എന്ന സാദിഖലി തങ്ങളുടെ പരാമർശത്തിന് എതിരെ INL നേതാവ് അബ്ദുൾ അസീസ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടു. ഗാന്ധിയുടെ രാമരാജ്യമല്ല RSS ൻ്റെത്. രാഷ്ട്രീയ നേതാക്കന്മാർ അത് അറിയാത്തവരല്ല. എന്നിട്ടും ലീഗ് അണികളെ നേതാക്കൾ മണ്ടന്മാർ ആക്കുകയാണെന്നും INL ആരോപിക്കുന്നു.
കഴിഞ്ഞ മാസം 22ന് സാദിഖലി തങ്ങൾ നടത്തിയ പ്രസംഗത്തിലാണ് അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യം ആണെന്ന് അഭിപ്രായപ്പെട്ടത്. ലീഗിന്റെത് മൃദു ഹിന്ദുത്വ നിലപാടും ആർഎസ്എസ് അനുകൂല നിലപാടുമാണെന്ന് INL നേതാവ് അബ്ദുൾ അസീസ് കുറ്റപ്പെടുത്തി. ബാബറി തകർത്ത സ്ഥലത്ത് ഉണ്ടാക്കിയ ക്ഷേത്രം അഭിമാനകരമാണ് എന്ന പരാമർശം മുസ്ലിങ്ങൾക്ക് അപമാനകരമാണ്.
മുസ്ലിം സമുദായത്തോട് മുസ്ലിം ലീഗ് ചെയ്യുന്നത് കൊടും ചതിയാണ്. രാമരാജ്യം രൂപീകരിക്കുക എന്ന ലക്ഷ്യത്തിന്റെ മുന്നോടിയാണ് രാമക്ഷേത്രം. ഇവിടെ വരേണ്ടത് RSS ൻ്റെ രാമരാജ്യമല്ല. കോൺഗ്രസ് പോലും പള്ളി തകർത്തതിന് എതിരാണെന്നാണ് പരസ്യമായി പറയുന്നത്. RSS, ലീഗ് നിലപാടുകൾ സമാനമാകുന്നത് അത്രമേൽ അപകടകരമാണെന്നും അദ്ദേഹം 24നോട് പ്രതികരിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here