Advertisement

‘കേന്ദ്ര സർക്കാരിൻറെ ശത്രുതാപരമായ സമീപനം മൂലം പ്രതിസന്ധി ഉണ്ടായി’; എങ്കിലും വികസന പ്രവർത്തനങ്ങളിൽ കുറവില്ലെന്ന് മുഖ്യമന്ത്രി

February 5, 2024
Google News 2 minutes Read
pinarayi vijayan kerala budget

പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാൽവെപ്പാണ് സംസ്ഥാന സർക്കാരിൻറെ 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയതു പോലെ, അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിൻറെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു. (pinarayi vijayan kerala budget)

കേന്ദ്ര സർക്കാരിൻറെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം നേരിടുന്ന ഞെരുക്കം നിലനിൽക്കുമ്പോഴും ജനങ്ങൾക്കുവേണ്ടിയുള്ള വികസന – ക്ഷേമ പ്രവർത്തനങ്ങളിൽ കുറവുവരാതിരിക്കാൻ ബജറ്റിൽ ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ കാലത്തിൻറെ വെല്ലുവിളികൾ അതിജീവിക്കാൻ സംസ്ഥാനത്തിൻറെ സാധ്യതകളാകെ ഉപയോഗിക്കാനും വ്യത്യസ്തവും വേഗമേറിയതുമായ രീതികൾ അവലംബിക്കാനുമാണ് ബജറ്റ് ശ്രമിക്കുന്നത്. നാടിന് അർഹമായത് നേടിയെടുക്കാനുള്ള യോജിച്ച മുന്നേറ്റത്തിൻറെ പ്രാധാന്യത്തിനും ബജറ്റ് അടിവരയിടുന്നു എന്നും അദ്ദേഹം പറഞ്ഞു.

പൊള്ളയായ അവകാശവാദങ്ങളും വാചകക്കസർത്തുമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മറയ്ക്കാൻ ജനത്തെ പിഴിയുന്ന പതിവ് ഇത്തവണയും പിണറായി സർക്കാരിന്റെ ബജറ്റിൽ തെറ്റിച്ചില്ലെന്നും വേണുഗോപാൽ ആരോപിച്ചു.

Read Also: സംസ്ഥാന ബജറ്റിൽ പൊള്ളയായ അവകാശവാദങ്ങളും വാചകക്കസർത്തും മാത്രമെന്ന് കെ.സി വേണുഗോപാൽ എം.പി

മോദി സർക്കാരിനെ മാതൃകയാക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലുൾപ്പെടെ സ്വകാര്യമേഖലയ്ക്ക് കടന്നുകയറ്റത്തിന് വഴി തുറന്നിടുകയാണ് ബജറ്റ്. സി.പി.എമ്മിന്റെ നയവ്യതിയാനത്തിന്റെ പ്രഖ്യാപനം കൂടിയാണത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുടെ ചെലവ് പോലും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി നടപ്പാക്കാതെയാണ് ഈ വർഷവും പ്രഖ്യാപനം നടത്തുന്നത്. കോടതി ഫീസ് പോലും വർധിപ്പിച്ച സർക്കാർ പാവപ്പെട്ടവന്റെ ക്ഷേമപെൻഷൻ വർധിപ്പിക്കാനുള്ള മാന്യത കാണിച്ചില്ല. രണ്ടാം പിണറായി സർക്കാറിന്റെ കാലത്തെ നാലാമത്തെ ബജറ്റിലും ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല എന്നതാണ് വിചിത്രം.

പൊതുമേഖലാ സ്ഥാപനങ്ങളെ പാടെ മറന്ന ബജറ്റാണിത്. നഷ്ടത്തിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ചതാകട്ടെ, തുച്ഛമായ തുകയും. റബ്ബറിന്റെ താങ്ങുവിലയിൽ പേരിന് പത്തുരൂപയുടെ വർധനവ് മാത്രമാണുണ്ടായത്. അതും കഴിഞ്ഞ മൂന്നുവർഷത്തിനിടെ ആകെയുണ്ടായ വർധനയും. റബ്ബർ കർഷകരെ പരിഹസിക്കുന്നതിന് തുല്യമാണിത്. കർഷകർക്കും യുവജനങ്ങൾക്കും നിരാശ മാത്രമാണുള്ളത്. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച വയനാട്, ഇടുക്കി, കാസർഗോഡ് പാക്കേജ് എങ്ങും എത്താതിരിക്കുമ്പോഴാണ് വീണ്ടും അതിന്റെ പേരിൽ പ്രഖ്യാപനം നടത്തുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

Story Highlights: pinarayi vijayan kerala budget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here