Advertisement

തിരിച്ചുവരവിൻ്റെ സൗന്ദര്യമായി സഹാറനും സച്ചിനും; അണ്ടർ 19 ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആവേശജയം

February 6, 2024
2 minutes Read
india won u19 semifinal

അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആവേശജയം. 245 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 7 പന്തുകൾ ബാക്കിനിൽക്കെ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. 95 പന്തിൽ 96 റൺസ് നേടിയ സച്ചിൻ ദാസും 81 റൺസ് നേടിയ ക്യാപ്റ്റൻ ഉദയ് സഹാറനുമാണ് ഇന്ത്യൻ വിജയശില്പികൾ. ദക്ഷിണാഫ്രിക്കക്കായി ക്വേന മപാക്കയും ട്രിസ്റ്റൻ ലീസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. (india won u19 semifinal)

ടൂർണമെൻ്റിൽ ഇതുവരെ ആധികാരികമായി എതിരാളികളെ തകർത്ത ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ടൂർണമെൻ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ക്വെന മപാക ആ നേട്ടം ശരിവെക്കുന്ന തരത്തിലാണ് തുടങ്ങിയത്. ആദ്യ പന്തിൽ തന്നെ ഓപ്പണർ ആദർശ് സിംഗിനെ ഒരു തകർപ്പൻ ബൗൺസറിലൂടെ വിക്കറ്റ് കീപ്പറിൻ്റെ കൈകളിലെത്തിച്ച മപാക ഇന്ത്യൻ ബാറ്റർമാരെ തുടർച്ചയായി ബീറ്റ് ചെയ്തു. പിന്നാലെ ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യയുടെ മൂന്നാം നമ്പർ താരം മുഷീർ ഖാനെ മറ്റൊരു ബൗൺസറിലൂടെ വീഴ്ത്തിയ ട്രിസ്റ്റൻ ലീസ് ഇന്നിംഗ്സിലെ 10ആം ഓവറിൽ അർഷിൻ കുൽക്കർണിയെയും (12) മടക്കി. ഏറെ വൈകാതെ പ്രിയാൻശു മോലിയയെ (5) വീഴ്ത്തിയ ലീസ് തൻ്റെ വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി. ഇതോടെ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

Read Also: ഇന്ത്യൻ ബാറ്റർമാരെ വിറപ്പിച്ച് ദക്ഷിണാഫ്രിക്കൻ പേസർമാർ; 4 വിക്കറ്റ് നഷ്ടം

അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റനു കൂട്ടായി സച്ചിൻ ദാസ് എത്തി. ഇതോടെ ഇന്ത്യ സാവധാനം കരകയറാൻ തുടങ്ങി. സച്ചിൻ ദാസ് ആക്രമിച്ചുകളിച്ചപ്പോൾ ഉദയ് വിക്കറ്റ് സംരക്ഷിച്ചു. 47 പന്തിൽ സച്ചിൻ ഫിഫ്റ്റി തികച്ചു. 88 പന്തിൽ സഹാറനും അർധസെഞ്ചുറിയിലെത്തി. 171 റൺസ് നീണ്ട അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാൻ ഏഴ് ബൗളർമാരെ ദക്ഷിണാഫ്രിക്ക പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ പ്രോട്ടീസിൻ്റെ ഏറ്റവും മികച്ച ബൗളർ ക്വെനെ മപാക തന്നെ ആ കടമ നിർവഹിച്ചു. സച്ചിൻ ദാസിനെ വീഴ്ത്തിയാണ് മപാക ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ശേഷം ആരവല്ലി അവനീഷ് (10), മുരുഗൻ അഭിഷേക് (0) എന്നിവർ വേഗം മടങ്ങിയെങ്കിലും 9ആം നമ്പരിലെത്തിയ രാജ് ലിംബാനി 4 പന്തിൽ 13 റൺസ് നേടിയത് നിർണായകമായി. വിജയിക്കാൻ ഒരു റൺസുള്ളപ്പോൾ സഹാറൻ റണ്ണൗട്ടായെങ്കിലും അടുത്ത പന്തിൽ ബൗണ്ടറി നേടിയ ലിംബാനി ഇന്ത്യയെ ആവേശജയത്തിലെത്തിക്കുകയായിരുന്നു.

Story Highlights: india won south africa u19 wc semifinal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top