ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ ശ്രേയസ് അയ്യർ കളിച്ചേക്കില്ല

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. അഞ്ച് മത്സരങ്ങളുള്ള ഹോം പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകളിൽ മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ കളിച്ചേക്കില്ല. അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ റിപ്പോർട്ട്.
അയ്യർ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താരം ചികിത്സ തേടുമെന്നും, ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുമ്പ് സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഫോമിലല്ലാത്ത താരം, ആദ്യ രണ്ട് ടെസ്റ്റിലും മികച്ച പ്രകടനം ആയിരുന്നില്ല നടത്തിയത്. ശ്രേയസിനെ ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരത്തിൻ്റെ പരുക്കിനെക്കുറിച്ചുള്ള വാർത്തകൾ.
അതേസമയം, ഹൈദരാബാദിലും വിശാഖപട്ടണത്തും നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പിന്മാറിയ വിരാട് കോലി മൂന്നാം ടെസ്റ്റിലും കളിച്ചേക്കില്ല. രണ്ടാം ടെസ്റ്റിൽ പുറത്തായ കെഎൽ രാഹുലും രവീന്ദ്ര ജഡേജയും ടീമിൽ തിരിച്ചെത്തിയേക്കും. നിലവിൽ ഇരു ടീമുകളും ഓരോ ജയത്തോടെ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്.
Story Highlights: Shreyas Iyer may miss last three Tests against England
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here