തൊഴിലിടത്തിൽ വിവേചനം; ദളിത് സ്ത്രീകൾക്ക് ചിരട്ടയിൽ ചായ നൽകിയ രണ്ട് പേർ അറസ്റ്റിൽ

ദളിത് തൊഴിലാളികളായ സ്ത്രീകളോട് വിവേചനം കാട്ടിയ രണ്ടുപേർ അറസ്റ്റിൽ. ഗൗണ്ടർ സമുദായത്തിൽപ്പെട്ട രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്. നാല് ദളിത് സ്ത്രീകൾക്ക് ചിരട്ടയിൽ ചായ നൽകി എന്നാണ് ഇവർക്കെതിരായ പരാതി. തമിഴ്നാടിൻ്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ധർമ്മപുരിയിലാണ് സംഭവം.
മരപ്പനായ്ക്കൻപട്ടി സ്വദേശികളായ ചിന്നത്തായി (60), മരുമകൾ ബി ധരണി (32) എന്നിവരെയാണ് കമ്പൈനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമാണ് നടപടി. പോളയംപാളയം സ്വദേശിനിയായ ദളിത് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്നു പരാതിക്കാരി. പോളയംപാളയത്ത് നിന്നുള്ള സ്ത്രീകളും ഇവിടെ ജോലിക്കെത്തുന്നുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ജോലിക്കിടെ തങ്ങൾക്ക് ചിരട്ടയിലാണ് ചായ നൽകിയത്. ഇതിനുമുമ്പും ഇവരുടെ ഭാഗത്ത് നിന്നും ഇത്തരം വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. മരപ്പനായ്ക്കൻപട്ടിയിലെ ദളിതരിൽ ഭൂരിഭാഗവും വിവേചനം അനുഭവിക്കുന്നുണ്ടെന്നും യുവതി പരാതിയിൽ ആരോപിച്ചു.
പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയും ആരോപണം വാസ്തവമാണെന്ന് കണ്ടെത്തുകയും ചെയ്തു. പാടത്ത് പണിയെടുത്തിരുന്ന ദളിത് തൊഴിലാളികൾക്ക് ഇവർ ചിരട്ടയിലാണ് ചായ നൽകിയിരുന്നതെന്ന് കമ്പൈനല്ലൂർ പൊലീസ് ഇൻസ്പെക്ടർ പി കാളിയപ്പൻ പറഞ്ഞു. ചിന്നത്തായിക്കും ധരണിക്കുമെതിരെ 2015ലെ എസ്‌സി/എസ്ടി ആക്‌ട് സെക്ഷൻ 3(1)(ആർ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: 2 held for serving tea to dalits in coconut shells
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here