ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 44 വർഷങ്ങൾക്ക് ശേഷം വീണ്ടും കേരളാ കോൺഗ്രസുകാർ ഏറ്റുമുട്ടുന്നു; ഇത്തവണ കോട്ടയം ‘കൈ’ പിടിക്കുമോ അതോ ‘കൈ’ ഒഴിയുമോ ?

കോട്ടയത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഇടതുമുന്നണി സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് എമ്മിന്റെ തോമസ് ചാഴിക്കാടനെത്തുമ്പോൾ കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാനാർത്ഥിയാകും. ( kottayam constituency loksabha election fight between thomas chazhikkadan and francis george )
നാല് പതിറ്റാണ്ടിന് ശേഷം, കൃത്യമായി പറഞ്ഞാൽ 44 വർഷത്തിന് ശേഷമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസുകാർ ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയും ഇത്തവണ കോട്ടയത്തുണ്ട്. 1980 ലാണ് അവസാനമായി കേരളാ കോൺഗ്രസ് മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിൽ ഏറ്റുമുട്ടുന്നത്. അന്നും കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയിലും , ജോസഫ് വിഭാഗം യുഡിഎഫിലുമായിരുന്നു. അന്ന് പക്ഷേ ജോസഫ് വിഭാഗത്തിന്റെ കരുത്തിൽ യുഡിഎഫിനായിരുന്നു വിജയം. ഇത്തവണയും ചരിത്രം ആവർത്തിക്കുമോ അതോ അട്ടിമറി സംഭവിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
24 സർവേ ഫലം ഇങ്ങനെ :
ട്വന്റിഫോർ കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ ഇലക്ഷൻ സർവേ, ‘ലോക്‌സഭാ മൂഡ് ട്രാക്കർ’ പ്രകാരം കോട്ടയത്ത് യുഡിഎഫ് വിജയം കൊയ്യുമെന്നാണ് പ്രവചിക്കുന്നത്. സർവേ പ്രകാരം, യുഡിഎഫ് വിജയിക്കുമെന്ന് 48% പേർ അഭിപ്രായപ്പെട്ടപ്പോൾ എൽഡിഎഫ് ആകു വിജയം നേടുകയെന്ന് പ്രവചിച്ചത് 31% പേരാണ്.
കോട്ടയത്തെ സിറ്റിംഗ് എംപി ചാഴിക്കാടൻ ഇക്കുറി ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചാലും, മണ്ഡലത്തിൽ വോട്ട് സ്ഥാനാർത്ഥിക്കല്ല പാർട്ടിക്കാകും, അതായത് യുഡിഎഫിനാകും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ചാഴിക്കാടനോട് മമത പോര
കോട്ടയം എംപിയായ തോമസ് ചാഴിക്കാടന്റെ പ്രവർത്തനത്തിൽ മണ്ഡലം തൃപ്തരല്ലെന്നാണ് സർവേ ചൂണ്ടിക്കാട്ടിയത്. എംപിയുടെ പ്രവർത്തനത്തിന് 39% പേർ മാത്രമാണ് ശരാശരി മാർക്ക് നൽകിയത്. 21% പേർ എംപിയുടെ പ്രവർത്തനം മോശമാണെന്ന് വിലയിരുത്തിയപ്പോൾ, അഞ്ച് ശതമാനം പേർ വളരെ മോശമെന്നും വിലയിരുത്തി. ചാഴിക്കാടനെ 9% പേർ മാത്രമാണ് മികച്ച എംപിയായി കാണുന്നുള്ളു. 4% പേർ വളരെ മികച്ചതെന്ന അഭിപ്രായവും രേഖപ്പെടുത്തുന്നുണ്ട്.
ഇടതിനോടുള്ള സമീപനം
ഭരണവിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന മണ്ഡലമാണ് കോട്ടയം. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനത്തിന് ശരാശരി മാർക്ക് മാത്രമാണ് കോട്ടയംകാർ നൽകുന്നത്. 18% പേരും മോശമെന്നും 29% പേരും വളരെ മോശമെന്നും മാർക്കിട്ടു. 7% പേർ മാത്രമാണ് സർക്കാർ പ്രവർത്തനങ്ങൾ മികച്ചതെന്ന് അഭിപ്രായപ്പെട്ടത്. വെറും 2% പേർ വളരെ മികച്ചതെന്നും വിലയിരുത്തി. സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയിലിനെ ഭൂരിഭാഗം കോട്ടയംകാരും സർവേയിൽ അനുകൂലിച്ചില്ല. 52% പേർ പദ്ധതിയോട് എതിർപ്പ് രേഖപ്പെടുത്തിയപ്പോൾ 24% പേർ മാത്രമാണ് പദ്ധതിയോട് അനുകൂല നിലപാട് സ്വീകരിച്ചത്.
‘കൈ’ പിടിക്കുന്ന കോട്ടയം
കോട്ടയത്തിന്റെ പൊതുസ്വഭാവമെടുത്താൽ, അട്ടിമറികൾ വന്നില്ലെങ്കിൽ മണ്ഡലത്തിൽ വിജയം യുഡിഎഫിന് തന്നെയാകുമെന്ന് വിലയിരുത്തുകയാണ് ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി.പി ജെയിംസ്. രമേശ് ചെന്നിത്തല പലതവണ മണ്ഡലത്തിൽ നിന്ന് ജയിച്ചിട്ടുണ്ട്. സുരേഷ് കുറുപ്പ് അട്ടിമറി വിജയം നേടി. ജോസ് കെ മാണി, ചാഴിക്കാടൻ ഇവരെല്ലാം വിജയിച്ചത് യുഡിഎഫ് ടിക്കറ്റിൽ തന്നെയാണ്. കഴിഞ്ഞ തവണ ഒരു ലക്ഷത്തിൽ പരം വോട്ടിനാണ് ചാഴിക്കാടൻ യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്.
ഉമ്മൻ ചാണ്ടിയുടെ വിയോഗം, ഭരണ വിരുദ്ധ വികാരം എന്നിവ കോട്ടയത്ത് മുഴച്ച് നിൽക്കുന്നതുകൊണ്ട് തന്നെ മണ്ഡലം ഇക്കുറിയും യുഡിഎഫ് പിടിക്കുമോയെന്നാണ് അറിയേണ്ടത്.
Story Highlights: kottayam constituency loksabha election fight between thomas chazhikkadan and francis george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here