മുൻ ഡിജിപി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

മുൻ ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പൊീസ് ഡ്രൈവർ ഗവാസ്‌കർക്ക് മർദ്ദനമേറ്റുവെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഗവാസ്‌കർ ജാതി അധിക്ഷേപം നടത്തിയെന്ന ഡിജിപിയുടെ മകളുടെ പരാതി ക്രൈം ബ്രാഞ്ച് എഴുതി തള്ളി. ( crimebranch submits chargesheet against former dgp sudhesh kumar daughter )
പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ദാസ്യപണി വിവാദത്തിലാണ് സംഭവമുണ്ടായി അഞ്ചര വർഷത്തിന് ശേഷം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.കനകുന്നിൽ പ്രഭാത സവാരിക്ക് എത്തിയപ്പോൾ മുൻ ഡിജിപി സുധേഷ്‌കുമാറിന്റെ മകൾ സ്‌നിഗ്ധ പൊലീസ് ഡ്രൈവർ ഗവാസ്‌കറേ കഴുത്തിന് പിന്നിൽ മർദ്ദിച്ചു എന്നായിരുന്നു പരാതി. വീട്ടുകാരുടെ ഭാഗത്തുനിന്നും നേരിട്ട പീഡനങ്ങൾ സംബന്ധിച്ച് സുധേഷ് കുമാറിനോടു പരാതിപ്പെട്ടതിലെ വൈരാഗ്യത്താൽ ആക്രമിച്ചു എന്നായിരുന്നു മൊഴി.
പിന്നാലെ ഡ്രൈവർ ജാതിപ്പേര് വിളിച്ചു അധിക്ഷേപ്പിച്ചുവെന്നു സുധേഷ് കുമാറിന്റെ മകളും പരാതി നൽകി. രണ്ടു കേസും ക്രൈം ബ്രാഞ്ചിനു കൈമാറി.അന്വേഷണം നടത്തി റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയെങ്കിലും കോടതിയിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ ഗവാസ്‌കർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ കേസ് വൈകിപ്പിക്കുന്നുവെന്നായിരുന്നു ആക്ഷേപം.
തുടർച്ചയായി ഉണ്ടായ ഹൈകോടതി നിർദേശങ്ങൾക്ക് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് ഡ്രൈവറെ മർദ്ദിച്ചതിന് ഐപിസി 323 വകുപ്പ് പ്രകാരമാണ് ഡിജിപിയുടെ മകൾക്കെതിരെ കുറ്റപത്രം. ഡിജിപിയുടെ മകളുടെ പരാതിയിലെടുത്ത കേസിൽ തെളിവുകളില്ലെന്നും തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ ക്രൈം ബ്രാഞ്ച് അറിയിച്ചു.
Story Highlights: crimebranch submits chargesheet against former dgp sudhesh kumar daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here