‘അക്ബറിൻ്റെ കൂട്ടാളി സീതയാകാൻ പാടില്ല’: സിംഹങ്ങളുടെ പേരുകൾക്കെതിരെ വിഎച്ച്പി കോടതിയെ സമീപിച്ചു

ത്രിപുരയിൽ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന രണ്ട് സിംഹങ്ങളിൽ ഒന്നിന് സീത എന്ന് പേരിട്ടതിനെതിരെ വിശ്വഹിന്ദു പരിഷത്ത് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്നാണ് വിചിത്ര ഹർജി ആവശ്യപ്പെടുന്നത്.
ഫെബ്രുവരി 12നാണ് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്ന് രണ്ട് സിംഹങ്ങളെ സിലിഗുരിയിലെ ബംഗാൾ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്. ദേശീയ മാധ്യമമായ ദി വയർ ആണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. സിംഹങ്ങളിൽ ഒന്നിന് ‘അക്ബർ’ എന്നും മറ്റേതിന് ‘സീത’ എന്നും പേരിട്ടു. അക്ബറിന് ഏഴുവയസം സീതയ്ക്ക് ആറുവയസുമാണ്. എന്നാൽ ഇപ്പോൾ അക്ബറിൻ്റെ കൂട്ടുകാരി സീതയാകുന്നതിന്റെ പേരിൽ ഹിന്ദുത്വ സംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്.
അക്ബർ ഒരു മുഗൾ ചക്രവർത്തിയുടെ പേരാണ്, സീത ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ്, ഒരു ഹിന്ദു ദേവതയായി ആരാധിക്കപ്പെടുന്നുവെന്നും ഹിന്ദു സംഘടനകൾ വ്യക്തമാക്കി. ഇന്നലെയാണ് വിഎച്ച്പി പാർട്ടി പ്രവർത്തകർ സംസ്ഥാന സർക്കാരിനെതിരെ രംഗത്തെത്തിയത്.
സീതയുടെ പേര് മാറ്റണമെന്ന് ആവശ്യം പ്രകടിപ്പിക്കുകയും ചെയ്‌തു. ഹിന്ദു മതത്തിനെതിരായ ആക്രമണമായാണ് പേരിടൽ നടന്നതെന്ന് വിഎച്ച്പി ജില്ലാ മേധാവി ദുലാൽ ചന്ദ്ര റേ പറഞ്ഞു. ബംഗാൾ സഫാരി പാർക്കിൽ കൊണ്ടുവന്ന സിംഹത്തിന് സീത എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഹിന്ദു മതത്തെ വ്രണപ്പെടുത്തി. അത്തരമൊരു പേരിനോട് ഞങ്ങൾ ശക്തമായി എതിർക്കുന്നു, അതിനാൽ കോടതിയിൽ അഭയം തേടാൻ എത്തിയിരിക്കുന്നുവെന്നും റേ പറഞ്ഞു.
സർക്കാർ രേഖകൾ പ്രകാരം രണ്ട് സിംഹങ്ങൾ എത്തി. എത്തിയവ ആൺ, പെൺ സിംഹങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞതായി വിഎച്ച്പിയുടെ അഭിഭാഷകനായ ശുഭങ്കർ ദത്ത പറഞ്ഞു. അവർ ഇവിടെ എത്തിയതിന് ശേഷം അവർക്ക് അക്ബർ എന്നും സീത എന്നും പേരിട്ടു. അതിനാൽ രണ്ടാമത്തേത് മാറ്റണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ സംസ്ഥാന മൃഗശാല അധികൃതരെയും ബംഗാൾ സഫാരി പാർക്ക് ഡയറക്ടറെയും കേസിൽ കക്ഷികളാക്കിയിട്ടുണ്ടെന്നും ദത്ത പറഞ്ഞു.
പാർക്കിലെ മൃഗങ്ങളെ പേരുകൾ മാറ്റാറില്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാൾ സഫാരി പാർക്കിനേയും എതിർ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി. പാർക്കിലെത്തുന്നതിന് മുൻപ് തന്നെ സിംഹങ്ങൾക്ക് പേരുണ്ടെന്നാണ് ബംഗാൾ വനംവകുപ്പ് വിശദമാക്കുന്നത്.
Story Highlights: Bengal VHP Moves Court Against Lions’ Names
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here